കത്രിക കാണിക്കുമ്പോൾ ഖേദംപ്രകടിപ്പിക്കുന്നത് ഉചിതമാണോ?; മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇല്ലാത്ത നേരമുണ്ടാക്കി താന്‍ സിനിമ കണ്ടത് കത്രിക വെക്കുംമുന്‍പ് കാണാനുള്ള എന്റെ അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കത്രിക വയ്ക്കും മുന്‍പ് ഒന്ന് കണുക എന്നത് ഒരു സിനിമാ പ്രേമിയുടെ അവകാശമാണ്. അതുകൊണ്ട് വന്നതാണ്. സെന്‍സറിങ് ഒന്ന് കഴിഞ്ഞു. അത് എല്ലായ്‌പോഴും ഉള്ളതാണ്. ഇപ്പോള്‍ രണ്ടാം സെന്‍സറിങ് വരാന്‍ പോകുന്നു. വൊളണ്ടറി സെന്‍സറിങ് എന്താണെന്ന് മനസ്സിലായിട്ടില്ല. എന്തായാലും ചരിത്രവും സത്യവുമൊന്നും ആര്‍ക്കും കത്രികകൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാന്‍ പറ്റില്ല, അദ്ദേഹം പറഞ്ഞു.
ഈ സിനിമയിലെ പത്തോ പതിനേഴോ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് ആ സംഭവത്തിന്റെ സത്യങ്ങളൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. ഗുജറാത്ത് കലാപവും ആ കലാപത്തിന്റെ പുറകിലെ പങ്കാളികളും അവരുടെ രാഷ്ട്രീയത്തിന്റെ നിറവുമെല്ലാം ഇന്ത്യയ്ക്കറിയാം. എംപുരാന്‍ സിനിമയില്‍ അത് തത്കാലം വെട്ടിമാറ്റി, ആ ഭാഗം ഒഴിവാക്കി കാണിച്ചാലും ആ സത്യമൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. സത്യം ഏത് കത്രികയേക്കാളും വലുതാണ്, അദ്ദേഹം പറഞ്ഞു.
ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് എത്തിക്കാന്‍ പാടില്ലായിരുന്നു. സംഘപരിവാറിന്റെ സെന്‍സര്‍ ബോര്‍ഡിലെ നോമിനികള്‍ അവരുടെ ദൗത്യം വേണ്ടപോലെ നിറവേറ്റിയില്ല എന്ന് അവര്‍ പറഞ്ഞുകഴിഞ്ഞു. അതിന്റെ അര്‍ഥമെന്താണ്? മോഹന്‍ലാലിനേപ്പോലെ ഒരു വലിയ നടന്‍ ഖേദപ്രകടനം നടത്തേണ്ടിവന്നെങ്കില്‍ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിന് കീഴില്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ തെളിവാണത്. അത് വളരെ ഖേദകരമായ സ്ഥിതിയാണ്. കലാകാരന്‍മാര്‍ക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നതും ഖേദിക്കേണ്ട അവസ്ഥയുണ്ടാകുന്നതും ക്ഷമാപണം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നതും ബിജെപി രാഷ്ട്രീയത്തിന്റെ ഭീകരതയാണ്. ആരെങ്കിലും കത്രിക കാണിച്ചപ്പോള്‍, ആരെങ്കിലും വാളെടുത്തപ്പോള്‍ ഖേദിച്ച് രംഗത്തുവന്നത് ഉചിതമായോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണം, ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: CPI criticizes the censorship of Mohanlal`s Empuran Binoy Viswam