സേവനം നൽകി, ജിഎസ്ടി അടച്ചു; വീണയുടെ മൗനം ഭരണഘടനാപരമായ അവകാശം- മുഹമ്മദ് റിയാസ്

കോഴിക്കോട്: തന്റെ ഭാര്യ വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും ചേർന്ന് നിരന്തരം വേട്ടയാടുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആളുകളെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചുമാണ് മൊഴി എടുപ്പിക്കുന്നതെന്നും അത് മാധ്യമങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പേരിൽ മൊഴി നൽകാൻ വീണയെ പലതവണ നിർബന്ധിച്ചെങ്കിലും അവർ അതിന് വഴങ്ങിയില്ലെന്ന് റിയാസ് വ്യക്തമാക്കി. ജീവിക്കുന്ന തന്റെ പച്ച ഇറച്ചി കടിച്ചുതിന്നുന്ന അവസ്ഥയാണെന്നും വസതികളിൽ റെയ്ഡ് നടത്തിയിട്ട് 25 പൈസപോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായാണ് രാഷ്ട്രീയപ്രവർത്തനം നടത്തിയതെന്നും പേടിച്ച് നിൽക്കാനല്ല പാർട്ടി പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലാസിന് താഴെ ഒപ്പിടുന്നത് സാധാരണ നടപടിക്രമമാണ്. പുതിയ ഡിജിറ്റൽ കാലത്ത് എന്തുവേണമെങ്കിലും ചെയ്യാമെന്നും ഡയറികൾ എല്ലാവരുടെയും കയ്യിലുണ്ടാവില്ലേ എന്നും അദ്ദേഹം ചോദിച്ചു. വീണയും താനും പലപ്പോഴും ദുബായിൽ പോയിട്ടുണ്ട്. അതെല്ലാം ഹവാല പണം കടത്താനാണോ എന്നും റിയാസ് ചോദിച്ചു.
സേവനം നൽകിയതിനുതന്നെയാണ് എക്‌സാലോജിക് പ്രതിഫലം കൈപ്പറ്റിയതെന്നും എന്ത് സേവനമാണ് നൽകിയതെന്ന് അവർ മുൻപുതന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ട് വഴി നിയമപരമായി വാങ്ങിയ പണത്തിന് കൃത്യമായി ജിഎസ്ടി നികുതി അടച്ചിട്ടുണ്ട്. ഇത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാൻ ചില സുഹൃത്തുക്കൾ ശ്രമിച്ചതാണെന്നും സേവനം നൽകിയിട്ടില്ലെന്ന വാദം പിന്നീട് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക് സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയെന്ന രീതിയിൽ വന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അങ്ങനെ ഒരു മൊഴി എംഡി നൽകിയിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി.
വീണ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ, ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ പ്രതികരിക്കാനുള്ള അവകാശം പോലെത്തന്നെ പ്രതികരിക്കാതിരിക്കാനും വീണയ്ക്ക് അവകാശമുണ്ടെന്ന് റിയാസ് പറഞ്ഞു. സത്യം ജയിക്കുമെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമുള്ള വിശ്വാസമുണ്ടെങ്കിൽ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യാം. അത് അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഇതിൽ തെറ്റായ ഒരു നിലപാടുമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Content Highlights: PA Mohamed Riyas defended the Exalogic transactions during a press meet, stating that all services were legally provided with proper GST payments, and asserted that Veena Vijayan has a constitutional right to remain silent amidst the controversy.