തൊഴിലുറപ്പിലെ ഉഴപ്പ്; 'കള്ളപ്പണി'ക്കാര്‍ പണം തിരികെ നല്‍കണം, ജില്ലാ ഓംബുഡ്സ്‌മാന്റെ ഉത്തരവ്

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ തൊഴിലാളികളിൽ ചിലർ പണിയെടുക്കാതെയും ഫോട്ടോ അപ്‌ലോഡ് ചെയ്യാതെയും മസ്റ്റർ റോളിൽ ഒപ്പിട്ട് അനധികൃതമായി വേതനം പറ്റിയതിനെതിരേ നടപടി. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 31 തൊഴിലാളികൾ ജോലിചെയ്യാതെ കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കാനാണ് പദ്ധതിയുടെ ജില്ലാ ഓംബുഡ്സ്‌മാൻ ഉത്തരവിട്ടത്.
പഞ്ചായത്തിലെ ആറ്, ഒൻപത്, 10, 15, 18 വാർഡുകളിലെ ബന്ധപ്പെട്ട തൊഴിലാളികൾ ജോലിചെയ്യാതെ വാങ്ങിയ 10,726 രൂപ തിരികെപ്പിടിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ്. ഫണ്ടിലേക്ക് അടയ്ക്കാൻ ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിക്കാണ് ഉത്തരവുനൽകിയത്.
ചെത്തി ഈരേശ്ശേരിൽ ഇ.ജെ. ഡേവിഡ് നൽകിയ പരാതിയിന്മേലാണ് ഓംബുഡ്സ്മാൻ ഡോ. സജി മാത്യുവിന്റെ നടപടി. സമാന സംഭവത്തിൽ ഡേവിഡ് മുൻപു നൽകിയ പരാതിയിലും ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് ജൂണിൽ 13,986 രൂപ തൊഴിലാളികളിൽനിന്ന് തിരികെ വാങ്ങിയിരുന്നു.
ക്രമക്കേട് ആവർത്തിക്കുന്ന സാഹചര്യത്തിൽ ചുമതലയുള്ള മേറ്റുമാരിൽനിന്ന് വേതനം തിരികെ പിടിക്കുക, ബന്ധപ്പെട്ട പ്രവൃത്തികളുടെ ചുമതലയിൽനിന്ന് അവരെ ഒഴിവാക്കുക, ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും പരാതിക്കാരൻ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ നടപടിയുണ്ടാകാത്തതിനാൽ അപ്പീൽ അധികാരിയായ സംസ്ഥാന ഓംബുഡ്സ്‌മാനെ സമീപിക്കും.
Content Highlights: Alappuzha district MNREGA ombudsman orders debit illegally accepted money