പയ്യന്നൂരിൽ വേദിയിൽ വി. കുഞ്ഞികൃഷ്ണനു നേരെ കൂവൽ, സ്റ്റാഫിനെ മർദിച്ചു; കുത്തിയിരുന്ന് പ്രതിഷേധിച്ച് MLA

#ന്യൂസ് ഡെസ്ക്
വി. കുഞ്ഞികൃഷ്ണൻ
വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂരിൽ നടന്ന തളിപ്പറമ്പ് സർക്കിൾ സഹകരണ വാരാഘോഷത്തിനിടെ എം.എൽ.എ. വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്തി. എം.എൽ.എ.യുടെ പേഴ്‌സണൽ സ്റ്റാഫിനുനേരെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ഭാരവാഹികളും ജീവനക്കാരുമാണ് കൂവലും ബഹളവുമുണ്ടാക്കി പ്രസംഗം തടസ്സപ്പെടുത്തിയതെന്ന് വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

തുടക്കത്തിൽ പയ്യന്നൂർ നഗരസഭ ചെയർമാൻ സരിൻ ശശിയെയാണ് പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതെങ്കിലും, സഹകരണ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് സ്ഥലം എം.എൽ.എ.യായ വി. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി ഉത്തരവിറക്കുകയായിരുന്നു. എം.എൽ.എ. ഉദ്ഘാടനപ്രസംഗം ആരംഭിച്ചതുമുതൽതന്നെ സദസ്സിൽനിന്ന് ബഹളവും കൂവലും ഉയർന്നു.

ഇതോടെ പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച വി. കുഞ്ഞികൃഷ്ണൻ, ഹാളിനുപുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും പേഴ്‌സണൽ സ്റ്റാഫിനെ സി.പി.എം. അനുകൂല പ്രവർത്തകർ കൈയേറ്റംചെയ്ത സംഭവത്തിൽ പോലീസിൽ പരാതിനൽകുകയും ചെയ്തു. സംഭവത്തിൽ കൃത്യമായ പോലീസ് നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹം കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

അതേസമയം വി.കുഞ്ഞികൃഷ്ണൻ നടത്തിയ രാഷ്ട്രീയപ്രസംഗമാണ് പ്രതിഷേധത്തിന് കാരണമായതെന്ന് സംഘാടകരായ തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയൻ വിശദീകരിച്ചു. സഹകരണ വാരാഘോഷത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തവരെ സാമ്പത്തിക അരാജകത്വത്തിന്റെ വക്താക്കളെന്ന് പരാമർശിക്കുകയും ചെയ്തപ്പോഴാണ് സദസ്സിൽനിന്ന് പ്രതിഷേധമുണ്ടായത്. കൂടാതെ, ക്ഷണിക്കപ്പെടാതെ പുറത്തുനിന്നെത്തിയ ചിലരാണ് ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്തിയതെന്നും സംഘാടകർ ആരോപിച്ചു.

Content Highlights: MLA V Kunjikrishnan's inaugural speech was disrupted by CPM-controlled cooperative union members and employees at Payyannur.