'മണ്ഡലത്തിലെ ആളുകളും തട്ടിപ്പിനിരയായി, മുഖ്യമന്ത്രിക്ക് പരാതി നല്‍കി'; സരിന്റെ ആരോപണം തള്ളി നജീബ്

നജീബ് കാന്തപുരം, പി. സരിന്‍ | Image courtesy: https://www.facebook.com/najeeb.kanthapuram, Mathrubhumi
നജീബ് കാന്തപുരം, പി. സരിന്‍ | Image courtesy: https://www.facebook.com/najeeb.kanthapuram, Mathrubhumi

കോഴിക്കോട്: സി.പി.എം. നേതാവ് പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നജീബ് കാന്തപുരം. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്നായിരുന്നു സരിന്റെ ആരോപണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്. 

കേരളം കണ്ടതില്‍വെച്ച് ഏറ്റവുംവലിയ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. തന്റെ മണ്ഡലത്തിലെ സ്ത്രീകളും കുട്ടികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. എല്ലാ ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരേയും കബളിപ്പിച്ച് നടത്തിയ തട്ടിപ്പാണ് ഇത്. ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് പ്രധാന കാര്യമെന്നും മുദ്രയുടെ പ്രവര്‍ത്തനം എന്താണെന്ന് ആര്‍ക്കും അന്വേഷിക്കാമെന്നും നജീബ് പറഞ്ഞു. ജനങ്ങളെ ശാക്തീകരിക്കുകയാണ് മുദ്ര ചെയ്യുന്നത്. സര്‍ക്കാര്‍ സഹായം ഇല്ലാതെയാണ് ഈ പ്രവര്‍ത്തനം ചെയ്യുന്നതെന്നും നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു.

പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈന്‍സസും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന് പി.സരിൻ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എം.എല്‍.എ. തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എം.എല്‍.എ, ഒരേ സമയം ആളുകളില്‍നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചെന്നും സരിൻ ആരോപിച്ചിരുന്നു.

എം.എല്‍.എക്ക് ഈ തട്ടിപ്പില്‍നിന്ന് കൈകഴുകാന്‍ പറ്റാത്തവിധം വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും. പറഞ്ഞു പറ്റിച്ച ആളുകള്‍ക്ക് എം.എല്‍.എ. തന്റെ സ്വന്തം പോക്കറ്റില്‍നിന്നോ, ഫൗണ്ടേഷന്റെ പേരില്‍ നടക്കുന്ന വെട്ടിപ്പ് പണത്തില്‍നിന്നോ, ഇനി മുസ്ലിം ലീഗിന്റെ പാര്‍ട്ടി ഫണ്ടില്‍നിന്ന് തന്നെയോ തുക മടക്കി നല്‍കും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട, എന്നും സരിന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു. 

Content Highlights: mla najeeb kanthapuram refutes p sarin allegation