ഒരുപാട് സഖാക്കന്മാരെ വെട്ടിക്കൊന്ന സംഘപരിവാറിനോട് സിപിഎമ്മിന് വിധേയത്വം- മാത്യു കുഴൽനാടൻ

1977-ൽ സംഘപരിവാറിൻ്റെ വോട്ടുവാങ്ങി നിയമസഭയിലേയ്ക്ക് എത്തിയ ചരിത്രമാണ് പിണറായി വിജയനുള്ളതെന്ന് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ. ഇന്ന് കേരളത്തിൽ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ വലിയ ബന്ധം സ്ഥാപിച്ച് കാര്യങ്ങൾ നടത്തുന്നുവെന്ന് സഖാക്കൾ പോലും സംശയിക്കുന്നുവെന്നും കുഴൽനാടൻ സഭയിൽ പറഞ്ഞു. എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങളോട് പറയാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
'ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ വലിയ ബന്ധം സ്ഥാപിച്ച് കാര്യങ്ങൾ നടത്തുന്നുവെന്ന് സഖാക്കൾ പോലും സംശയിക്കുന്നു. എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നാണ് ഇവരുടെ സംശയം. ഞങ്ങളുടെ കെെയിൽ ഒരു അന്വേഷണ ഏജൻസിയും ഇല്ല. എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ കാരണം ഞങ്ങളോട് പറയണ്ട, പക്ഷേ പൊതുസമൂഹത്തോട് പറയണം. എഡിജിപിയെ മാറ്റേണ്ട സാഹചര്യം ഒരുപാട് നാളുമുൻപേ ഉയർത്തിയതാണ്. എഡിജിപിയുടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് പുറത്തുവന്നത്. ഭരണപക്ഷ എം.എൽ.എ കാര്യങ്ങൾ വിളിച്ചുപറഞ്ഞു. സിപിഐ ശക്തമായി രംഗത്തുവന്നു. എന്തിനുവേണ്ടിയാണ് നിയമസഭ സമ്മേളനം തുടങ്ങുന്നതിന് തലേന്ന് വരെ അദ്ദേഹത്തെ സംരക്ഷിച്ചത്. എന്തിനാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങളോട് പറയാനുള്ള ആർജവം സർക്കാരിന് ഇല്ല.
സിപിഎമ്മിലെ എത്രയോ സഖാക്കന്മാരെ വെട്ടിക്കൊന്ന സംഘപരിവാറിനോട് എന്തിന് വിധേയപ്പെടുന്നുവെന്ന് സാധാരണ സഖാക്കന്മാർ ആലോചിക്കുന്നുണ്ട്. ആർക്കുവേണ്ടിയാണ് ആർ.എസ്.എസിന് മുന്നിൽ ഈ പാർട്ടിയെ അടിയറവ് വെക്കുന്നത്. ഇതിന് കാരണമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുടുംബത്തിൻ്റെ തല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കക്ഷത്തിലായത് 2024 ജനുവരി 31 മുതലാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസിൽ ഹെെക്കോടതി വിധി പറയാൻ തയാറെടുക്കുമ്പോൾ അന്വേഷണം ആരംഭിച്ചുവെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഹെെക്കോടതിയുടെ കെെയിൽ നിന്ന് കേസ് എടുത്ത് മാറ്റാൻ വേണ്ടിയായിരുന്നു. ഏട്ടുമാസം സമയം കൊടുത്തു. എന്തുകൊണ്ടാണ് ഇതുവരെ അന്വേഷണം പുറത്തുവരാത്തത്. എന്തിനാണ് ഇപി ജയരാജൻ ജാവദേക്കറുമായി ചർച്ച നടത്തിയത്. എന്തിനാണ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ മാറ്റിയത്. ഇതിനൊന്നും നിങ്ങൾക്ക് മറുപടിയില്ല. സിപിഎമ്മും ആർ.എസ്.എസുമായുള്ള ബന്ധമാണ് ഇതിൽ കാണുന്നത്', മാത്യു കുഴൽനാടൻ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുമേൽ ചർച്ച പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ചർച്ച. ആരോഗ്യ പ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രിക്ക് സഭയിൽ എത്താൻ കഴിയില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.
Content Highlights: mla mathew kuzhalnadan assembly