എം.കെ സാനുവിന്റെ ആഗ്രഹം നിറവേറ്റാൻ സുരേഷ് ഗോപി; ഡിസംബർ ഒന്നിന് വിക്രാന്തിലെത്തിക്കും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് കാണണമെന്ന പ്രൊഫ. എം.കെ. സാനുവിന്റെ ആഗ്രഹം നിറവേറ്റാൻ സുരേഷ് ഗോപി. ഡിസംബർ ഒന്നിന് അദ്ദേഹത്തെ വിക്രാന്തിലെത്തിക്കുമെന്ന് സുരേഷ് ഗോപി ’മാതൃഭൂമി’യോട് പറഞ്ഞു. പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം സുരേഷ് ഗോപിക്ക് നൽകുന്ന ചടങ്ങിൽനിന്ന് എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയെന്ന വാർത്ത വിവാദമായതിനു പിന്നാലെയാണ് നീക്കം.
‘‘ആ പുരസ്കാര വിതരണ വേദിയിൽ എനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാൻ തിരികെപ്പിടിക്കുകയാണ്’’-സുരേഷ് ഗോപി പറഞ്ഞു. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിനു ശേഷമാണ് എം.കെ. സാനു അത് കാണണമെന്ന ആഗ്രഹം സുരേഷ് ഗോപിയോട് പ്രകടിപ്പിച്ചത്. തുടർന്ന് സുരേഷ് ഗോപി പ്രധാനമന്ത്രിയെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു. സൗകര്യപ്രദമായ ദിവസം സന്ദർശനത്തിനുള്ള അവസരമൊരുക്കാമെന്ന അറിയിപ്പും കിട്ടി.
പണ്ഡിറ്റ് കറുപ്പൻ പുരസ്കാര വിതരണച്ചടങ്ങിൽനിന്ന് സാനുവിനെ പു.ക.സ. വിലക്കിയെന്ന വാർത്ത ചർച്ചയായതോടെ സുരേഷ് ഗോപി വീണ്ടും രംഗത്തിറങ്ങുകയാണുണ്ടായത്. വ്യാഴാഴ്ച വീണ്ടും നാവികസേനാ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സാനു മാഷുമായി വിക്രാന്തിലെത്തുന്നതിനായിരുന്നു ആദ്യ ശ്രമം. പക്ഷേ, നീറ്റിലിറക്കിയതിനുശേഷമുള്ള ആദ്യത്തെ അറ്റകുറ്റപ്പണികൾക്കുവേണ്ടി കപ്പൽ ഡ്രൈ ഡോക്കിലായതിനാൽ ഡിസംബറിലേക്ക് നിശ്ചയിക്കുകയായിരുന്നു.
Content Highlights: mk sanu suresh gopi ins vikrant pukasa