'ഇനി മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ലെന്ന് പറയും', വി മുരളീധരനെ ട്രോളി മന്ത്രി ശിവന്‍കുട്ടി

വി ശിവന്‍കുട്ടി, വി മുരളീധരന്‍ | ഫോട്ടോ: മാതൃഭൂമി
വി ശിവന്‍കുട്ടി, വി മുരളീധരന്‍ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും '' മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല...'' ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നര്‍മദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.

മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യമെന്ന് വ്യക്തമാക്കുന്ന മുരളീധരന്‍ ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടൈന്നും പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാണെന്ന് കരുതുന്ന മലയാളി മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Content Highlights: v sivankutty, v muraleedharan, onam, mahabali