'നീ ചെഞ്ചോരനിറമാർന്ന ഹൃദയമെങ്കിൽ ഞാനതിന്റെ മിടിപ്പ്'; പ്രണയികൾക്കായി കവിത പങ്കുവെച്ച് മന്ത്രി ബിന്ദു

കോഴിക്കോട്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയകവിത പങ്കുവെച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഫെയ്സ്ബുക്കിലാണ് മന്ത്രി കവിത പങ്കുവെച്ചത്. ഏറ്റവും ഒടുവില്‍ താന്‍ എഴുതിയ ഒരു കവിത വാലന്റൈന്‍ ദിനത്തില്‍ പ്രണയികള്‍ക്കായി ഇവിടെ ഇതാ എന്ന മുഖവുരയോടെയാണ് മന്ത്രി വരികള്‍ പങ്കുവെച്ചത്. കവിതയ്ക്കൊപ്പം മന്ത്രി പ്രണയദിനാശംസകള്‍ നേരുകയും ചെയ്തു.
നിരവധിപ്പേര്‍ കവിതയ്ക്ക് നല്ലവാക്കുകളുമായെത്തി. നന്നായിട്ടുണ്ടെന്നാണ് പലരുടേയും അഭിപ്രായം. അതേസമയം, ചില വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതില്‍ ചിലതിന് മന്ത്രി മറുപടിയും കൊടുത്തു.
മന്ത്രിയായതുകൊണ്ട് പുകഴത്തണമെന്നില്ലല്ലോയെന്ന് ചോദിച്ച ഓരാള്, കവിത വളരെ മോശമാണെന്നും എല്‍.പി. സ്കൂള്‍ കുട്ടി എഴുതിയതാണെങ്കില്‍ മനോഹരം എന്ന് പറയാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. 'പണ്ഡിതരേ, ഇത് താങ്കള്‍ക്കുള്ളതല്ല' എന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. കവിത എഡിറ്റ് ചെയ്ത് കുറുക്കിയ ഒരാള്‍ക്ക്, കവിത എഴുതുന്ന ആളുടെ സ്വാതന്ത്ര്യമാണെന്നും കത്തിവെക്കാതിരിക്കുന്നതാണ് വിവേകമെന്നും മന്ത്രി മറുപടി നല്കി.
മന്ത്രി ഡോ. ആര്. ബിന്ദു ഫെയ്സ്ബുക്കില്‍ കുറിച്ച കവിതയുടെ പൂര്‍ണ്ണരൂപം:
നീ പുലര്‍കാലത്തെ ഇളംകാറ്റാകില്
ഞാനതിലിളകുന്ന ഒരില
നീ ഒഴുകുന്ന പുഴയെങ്കില്‍
ഞാനതില്‍ ഇളകുന്ന ഓളം
നീ തളിര് തിന്ന് പാടുന്ന കിളി
എങ്കില്‍ ഞാന്‍ കിളിപ്പാട്ട്
നീ മാനത്തുദിച്ച ചന്ദ്രന്, എങ്കില്‍
ഞാന്‍ നറു നിലാവ്
നീ തേന്മാവിലെ മാങ്കനിയെങ്കില്‍
ഞാന്‍ അതില്‍ മധുരം
നീ ചെഞ്ചോര നിറമാര്‍ന്ന ഹൃദയമെങ്കില്‍
ഞാന്‍ അതിന്റെ മിടിപ്പ്...
Content Highlights: R. Bindu shared a poem on Valentine`s Day on Facebook