ഗോള്‍വാള്‍ക്കറെ പ്രാര്‍ത്ഥിച്ചുചുമതലയേല്‍ക്കുന്നവരില്‍ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളു-ആര്‍ ബിന്ദു

ആര്‍. ബിന്ദു, ആരിഫ് മുഹമ്മദ് ഖാന്‍
ആര്‍. ബിന്ദു, ആരിഫ് മുഹമ്മദ് ഖാന്‍

കോട്ടയം: സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസവകുപ്പും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു.  വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആരോപിച്ചു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ച് ചുമതലയേല്‍ക്കുന്നവരില്‍ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും നിലവില്‍ വിസി ഇല്ലാതിരിക്കുമ്പോള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി ആലോചിച്ചാണ് കോടതി നിയമനം സ്റ്റേ ചെയ്യാതിരുന്നതെന്നും മന്ത്രി പറഞ്ഞു. വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

'കെ.ടി.യു ആക്ടില്‍ വ്യക്തമായി പറയുന്നുണ്ട,് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നായിരിക്കണം നിയമനം എന്നത്. അതില്‍നിന്നും വിരുദ്ധമായ നിയമനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അത് തീര്‍ച്ചയായും പാര്‍ശ്വവര്‍ത്തികളെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുക എന്ന രീതിയുടെ ഭാഗമാണ്. അത് ശരിയായ കാര്യമല്ല. നമ്മുടെ ഉന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ നിന്നുള്ള ഒരു വ്യതിചലനം ഇതിന്റെ ഭാഗമായി സംഭവിക്കുന്നുണ്ട്. നമ്മുടെ സര്‍വകലാശാലകളും കലാലയങ്ങളുമെല്ലാം സെക്കുലറായിട്ടുള്ള ഇടങ്ങളായിട്ടാണ് ഇതുവരെ നിന്നത്. അത് അങ്ങനേ തുടരേണ്ടത് വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യ അവകാശങ്ങളുടെയും സാമൂഹികനീതി സങ്കല്പങ്ങളുടെയുമൊക്കെ സംരക്ഷണങ്ങളുടെ ഭാഗമാണ്. സര്‍ക്കാര്‍ കഴിയാവുന്നിടത്തോളം നിയമപരമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. വളരെ ബാലിശമായ രീതിയിലാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തുപോരുന്നത്. ഇത് ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഗുണമല്ല, ദോഷമാണ് ചെയ്യുക. ഉന്നതവിദ്യാഭ്യാസമേഖലയില്‍ നമ്മള്‍ ഒരുപാട് നേട്ടങ്ങള്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നല്ല ഗ്രേഡും റാങ്കുമാണ് എല്ലാ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നത്. അത്തരത്തില്‍ സാര്‍ഥകമായ ഇടപെടല്‍ നടന്നുകൊണ്ടിരിക്കുന്ന ഇടത്ത് അതിനെ ബ്ലോക്ക് ചെയ്യുക എന്ന ഉദ്ദേശ്യമുണ്ട് എന്നതും വ്യക്തമായ കാര്യമാണ്.  കോളേജുകളിലെ കാവിവത്ക്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് ഇടനിലയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥിതിയാണ് ചാന്‍സിലറുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.'- ആര്‍.ബിന്ദു പ്രതികരിച്ചു.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി തനിക്ക് അനുകൂലമാണെന്നും വി.സി നിയമനത്തില്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധിയെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.  

ഉന്നത വിദ്യഭ്യാസമന്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും വിദ്യാഭ്യാസമന്ത്രിക്ക് പറയാനുള്ളതെല്ലാം പറയാനും അഭിപ്രായപ്രകടനം നടത്താനുമുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 'ജനാധിപത്യത്തില്‍ അഭിപ്രായപ്രകടനത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തില്‍ തീരുമാനമറിഞ്ഞതിനുശേഷം യൂണിവേഴ്സിറ്റിയുടെ തലവന്‍ എന്ന നിലയില്‍ എന്നില്‍ നിക്ഷിപ്തമായ അധികരം യു.ജി.സി റെഗുലേഷന്‍ ആക്ട് പ്രകാരം വിനിയോഗിക്കുകയാണ് ഞാന്‍ ചെയ്തത്. യൂണിവേഴ്സിറ്റികളിലുള്ളവര്‍ക്ക് വൈസ് ചാന്‍സലര്‍ ഒപ്പുവെക്കേണ്ടതായ സര്‍ട്ടിഫിക്കറ്റുകള്‍ മതിയായ സമയത്ത് ലഭിക്കുന്നില്ലായിരുന്നു. ഹൈക്കോടതിയുടെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ഒരുമാസമായി മറ്റാരെയും ഞാന്‍ പകരം നിയമിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? കാരണം ഹൈക്കോടതിയില്‍ നിന്നുള്ള വ്യക്തത ഇക്കാര്യത്തില്‍  അനിവാര്യമായിരുന്നു. ചാന്‍സലര്‍ക്കാണ് അധികാരമുള്ളത് എന്നായിരുന്നു ഹൈക്കോടതി വിധി.'- വിസി നിയമനത്തെച്ചൊല്ലി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു.

Content Highlights: minister r bindu reacts on governer arif mohammed khan comments on vc of technical university