നന്നായി പ്രവര്‍ത്തിക്കാനായി, വളരെ സന്തോഷം- അഹമ്മദ് ദേവര്‍കോവില്‍; INL-ന്റെ ആദ്യമന്ത്രി

അഹമ്മദ് ദേവര്‍കോവില്‍ | ഫയല്‍ചിത്രം | ഫോട്ടോ: പി.പി.ബിനോജ്/ മാതൃഭൂമി
അഹമ്മദ് ദേവര്‍കോവില്‍ | ഫയല്‍ചിത്രം | ഫോട്ടോ: പി.പി.ബിനോജ്/ മാതൃഭൂമി

തിരുവനന്തപുരം:  മന്ത്രിയായുള്ള രണ്ടരവര്‍ഷത്തെ കാലയളവില്‍ നന്നായി പ്രവര്‍ത്തിക്കാനായെന്ന് അഹമ്മദ് ദേവര്‍കോവില്‍. വളരെ സന്തോഷത്തോടെയാണ് പടിയിറക്കമെന്നും രാജിയെല്ലാം എല്‍.ഡി.എഫിന്റെ തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

എല്‍.ഡി.എഫ്. ആണ് തന്നെ മന്ത്രിയാക്കിയത്. ഇന്ന് എല്‍.ഡി.എഫ്. യോഗം ചേരുന്നുണ്ട്. ആ യോഗത്തിന്റെ തീരുമാനം എന്താണോ അത് നടപ്പിലാക്കും. തന്റെ ടേം പൂര്‍ത്തിയാക്കി. നന്നായി പ്രവര്‍ത്തിക്കാനായി. വളരെ സന്തോഷം. പ്രത്യേകസമ്മാനം എന്നനിലയ്ക്കാണ് എല്‍.ഡി.എഫ്. ഒറ്റ എം.എല്‍.എ.യുള്ള പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കിയത്. അത് ആത്മാര്‍ത്ഥതയോടെ നന്നായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് വിലയിരുത്തേണ്ടത് നിങ്ങളാണ്. മാധ്യമ സുഹൃത്തുക്കളില്‍നിന്നും ജനങ്ങളില്‍നിന്നും വലിയ പിന്തുണ ലഭിച്ചതുകൊണ്ടാണ് നന്നായി പ്രവര്‍ത്തിക്കാനായത്. മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു എം.എല്‍.എ. എന്നനിലയ്ക്ക് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സജീവമായി മണ്ഡലത്തിലുണ്ടാകും. പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് എന്നനിലയ്ക്ക് സംസ്ഥാനതലത്തിലും സജീവമായുണ്ടാകും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍നിന്നടക്കം വലിയരീതിയിലുള്ള പിന്തുണയുണ്ടായി. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നതായും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

ഐ.എന്‍.എല്ലിന്റെ ആദ്യമന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. തുറമുഖം, മ്യൂസിയം, പുരാവസ്തു അടക്കമുള്ള വകുപ്പുകളാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചതും ഇക്കാലയളവിലായിരുന്നു.

എല്‍.ഡി.എഫിലെ മുന്‍ധാരണപ്രകാരമാണ് രണ്ടരവര്‍ഷത്തിന് ശേഷം അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിസ്ഥാനം ഒഴിയുന്നത്. കോണ്‍ഗ്രസ്(എസ്) അധ്യക്ഷനും മുന്‍മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാകും അഹമ്മദ് ദേവര്‍കോവിലിന് പകരം മന്ത്രിസഭയിലെത്തുകയെന്നാണ് സൂചന. ഒന്നാം പിണറായി സര്‍ക്കാരിലും കടന്നപ്പള്ളി തുറമുഖ മന്ത്രിയായിരുന്നു. 

Content Highlights: minister ahammed devarkovil response before submitting resignation