മൈക്രോസോഫ്റ്റ് പ്രതിസന്ധി; കൊച്ചിയിൽനിന്നുള്ള ഒമ്പത് വിമാനസര്‍വീസുകള്‍ റദ്ദാക്കി

നെടുമ്പാശേരി വിമാനത്താവളം ( ഫയൽ ചിത്രം) | ഫോട്ടോ: വി.എസ്. ഷൈന്‍ | മാതൃഭൂമി
നെടുമ്പാശേരി വിമാനത്താവളം ( ഫയൽ ചിത്രം) | ഫോട്ടോ: വി.എസ്. ഷൈന്‍ | മാതൃഭൂമി

കൊച്ചി: കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ നേരിട്ട പ്രതിസന്ധിയെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള ഏതാനും വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കൊച്ചിയില്‍നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനം സാധാരണനിലയിലായിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെയും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെയും ഏതാനും സര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. മൈക്രോസോഫ്റ്റ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം കൊച്ചിയില്‍നിന്നുള്ള 12 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള വിമാനമുള്‍പ്പെടെ എട്ടുസര്‍വീസുകള്‍ വൈകുകയുംചെയ്തു. 

ശനിയാഴ്ച റദ്ദാക്കിയ വിമാനങ്ങൾ

മൈക്രോസോഫ്റ്റിന് സൈബര്‍ സുരക്ഷ നല്‍കുന്ന പ്ലാറ്റ്‌ഫോമായ 'ക്രൗഡ്സ്ട്രൈക്ക്' പണിമുടക്കിയതോടെയാണ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് നിശ്ചലമായത്. ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ വിവിധമേഖലകളിലെ ഡിജിറ്റല്‍ സേവനങ്ങള്‍ സ്തംഭിച്ചു. ഇന്ത്യന്‍സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-നാണ് യു.എസ്. കമ്പനിയായ ക്രൗഡ് സ്ട്രൈക്ക് സോഫ്റ്റ് വേര്‍ പ്രശ്‌നത്തില്‍ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് നിശ്ചലമായത്.

വാണിജ്യസ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാവിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടിയുള്ള ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ചെയ്ത വിന്‍ഡോസ് കംപ്യൂട്ടറുകളാണ് പ്രവര്‍ത്തനരഹിതമായത്. തേഡ് പാര്‍ട്ടി സോഫ്റ്റ്‌വേറായ ക്രൗഡ് സ്‌ട്രൈക്കിന്റെ പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. മധ്യ അമേരിക്കയിലാണ് തകരാര്‍ ആദ്യം റിപ്പോര്‍ട്ടുചെയ്തത്.

കംപ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ടാവുകയും സാങ്കേതികപ്രശ്‌നം നേരിടുന്നതായി പറയുന്ന 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' (ബി.എസ്.ഒ.ഡി.) കാണിക്കുകയും ചെയ്യുന്നതായി ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ത്യ, യു.എസ്., ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ജര്‍മനി, ജപ്പാന്‍ തുടങ്ങി മിക്കരാജ്യങ്ങളുടെയും വ്യോമയാനമേഖലയെ പ്രശ്‌നം ബാധിച്ചു. പല വിമാനക്കമ്പനികള്‍ക്കും കൈപ്പടയില്‍ എഴുതി യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസുകളടക്കം നല്‍കേണ്ടിവന്നു.


 

Content Highlights: microsoft outage nine flights from kochi airport cancelled