ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾ; കാരണം പഠിക്കാൻ സർക്കാർ

#എം.കെ. സുരേഷ്
-
-

തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ പിന്മാറ്റത്തിന്റെ കാരണം പഠിക്കാന്‍ എംപ്ലോയീസ് ഗാരന്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെഭാഗമായുള്ള സര്‍വേക്ക് സോഷ്യല്‍ ഓഡിറ്റ് വിഭാഗം റിസോഴ്സ്പേഴ്സണ്‍മാരെ ചുമതലപ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.

പദ്ധതിയില്‍ കേരളത്തില്‍ വന്‍ കൊഴിഞ്ഞുപോക്കാണ്. ഒരുവര്‍ഷത്തിനിടെ തൊഴിലുറപ്പിനെ കൈവിട്ടത് 1.43 ലക്ഷം കുടുംബങ്ങളും 1.86 ലക്ഷം തൊഴിലാളികളും. ദേശീയതലത്തില്‍ 59 ലക്ഷം, 1.05 കോടി എന്നിങ്ങനെയാണ് കൊഴിഞ്ഞുപോക്കിന്റെ കണക്ക്.

കേരളത്തിലെ തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്. തൊഴില്‍ വേണ്ടെന്നുവെച്ചവരില്‍ 60-80 പ്രായത്തില്‍പ്പെട്ട സ്ത്രീകളാണ് മുന്നില്‍. മുതിര്‍ന്ന തൊഴിലാളികളുടെ മരണവും എണ്ണം കുറയാന്‍ കാരണമായി. ഭിന്നശേഷിക്കാരുടെ എണ്ണത്തിലും കുറവുണ്ട്: 2023-24ല്‍ കേരളത്തില്‍ 2572 പേര്‍ ഉണ്ടായിരുന്നത് 2024-25ല്‍ 2306 ആയി കുറഞ്ഞു.

ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ മരിക്കുകയോ വിട്ടുപോവുകയോ ചെയ്താല്‍ ആ വീട്ടില്‍നിന്ന് പകരം തൊഴിലാളി വരുന്നില്ല. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കും താത്പര്യമില്ല.

കുറഞ്ഞകൂലി, കടുത്ത നിബന്ധനകള്‍

വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിപ്പിലുണ്ടായ നിരന്തരവീഴ്ചകളെത്തുടര്‍ന്ന് തൊഴിലുറപ്പിന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ കടുപ്പിച്ചിരുന്നു. ഓണ്‍ലൈനായി ഹാജര്‍ രേഖപ്പെടുത്താന്‍ രണ്ടുതവണ വര്‍ക്സൈറ്റില്‍ തൊഴിലാളികള്‍ എത്തണം. നിശ്ചിത അളവില്‍ സമയത്ത് പണിതീര്‍ത്തില്ലെങ്കില്‍ കൂലി കുറയ്ക്കും. സോഷ്യല്‍ ഓഡിറ്റും കടുപ്പിച്ചു.

ഒരുദിവസം മുഴുവന്‍ ജോലിചെയ്താലും മറ്റുതൊഴിലിനെ അപേക്ഷിച്ച് കൂലി കുറവാണ്. ഇപ്പോള്‍ക്കിട്ടുന്ന കൂലി 346 രൂപയാണ്. കോവിഡിനുശേഷം കൂടുതല്‍വേതനമുള്ള മറ്റുതൊഴിലിലേക്കും തൊഴിലാളികള്‍ തിരിഞ്ഞു.

ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ തൊഴിലുറപ്പ് പദ്ധതി കാര്യമായി നടക്കുന്ന കേരളത്തിന് തിരിച്ചടിയായി. കേരളത്തില്‍ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 20.85 ലക്ഷം സജീവ തൊഴില്‍കാര്‍ഡുകളും 24.85 ലക്ഷം സജീവ തൊഴിലാളികളുമാണുള്ളത്.

Content Highlights: The Mahatma Gandhi National Rural Employment Guarantee Act wokers dropout