കോടിക്കണക്കിന് മനുഷ്യരുടെ ഉപജീവനത്തിനുനേരെയുള്ള യുദ്ധം, ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെ- എം.ബി. രാജേഷ്

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് മന്ത്രി എം.ബി. രാജേഷ്. കോടിക്കണക്കിൻ ആളുകളുടെ ഉപജീവനത്തിനുനേരെയുള്ള യുദ്ധമാണ് മോദി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൂലി കൊടുക്കാതെയും വൻ തോതിൽ കുടിശ്ശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചും ഒക്കെയാണ് ഈ പദ്ധതി ഇല്ലാതാക്കാൻ കഴിഞ്ഞ പത്തുവർഷമായി ബിജെപി സർക്കാർ ശ്രമിച്ചിരുന്നത്. മാസങ്ങൾ കൂലി കൊടുക്കാതെ കുടിശ്ശിക വരുന്നതോടെ തൊഴിലാളികൾക്ക് താൽപ്പര്യം ഇല്ലാതായി ജോലിക്ക് വരാതെയാകും എന്നായിരുന്നു കണക്കുകൂട്ടിയത്. ആ നീക്കങ്ങൾക്കൊടുവിലാണ് ഈ പദ്ധതി പൂർണമായും ഇല്ലാതാക്കാനുള്ള ഈ പുതിയ നീക്കം.
കേരളത്തിന് 4,000 കോടിരൂപയാണ് ശരാശരി ഒരുവർഷം ലഭിക്കുന്നത്. 40 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് പറയുമ്പോൾ 1600 കോടി രൂപ ഓരോ വർഷവും ബാധ്യതയായി അടിച്ചേൽപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണ ജനങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഈ ബിൽ. ഇത് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് കാലത്ത് പട്ടിണിമരണം ഒഴിവാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു എന്ന കാര്യം കേന്ദ്രസർക്കാർ മറക്കരുത്. ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളെല്ലാം അവരുടെ ഉപജീവനം ഉറപ്പിക്കിയതും പട്ടിണി ഒഴിവാക്കിയതും തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കണ്ടെത്തിയാണ്. ഈ കാലത്ത് തൊഴിലുറപ്പ് തൊഴിലുകൾ ഗണ്യമായി കുതിച്ചുയർന്നു എന്ന് കാണാനാവും. ഈ പദ്ധതിയുടെ കടയ്ക്കലാണ് കേന്ദ്രസർക്കാർ ഇപ്പോൾ കത്തിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎ)യുടെ ഇരുപതാംവർഷത്തിൽ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാൻ കേന്ദ്രത്തിന്റെ പുതിയ ബിൽ.
കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഗ്രാമപ്പഞ്ചായത്തുകളിൽമാത്രമേ തൊഴിലുറപ്പിലെ ജോലി നടത്താനാവൂ തുടങ്ങിയ വ്യവസ്ഥകൾ സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത കൂട്ടുമെന്നുമാത്രമല്ല, തൊഴിൽദിനങ്ങൾ നാമമാത്രമാവുകയും ചെയ്യും. എല്ലാ പഞ്ചായത്തുകളിലും തൊഴിലുറപ്പ് ജോലി ഉണ്ടാകില്ല.
വർഷംതോറും കുറഞ്ഞത് 2,000 കോടിരൂപയെങ്കിലും ബാധ്യതവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും ബാക്കികാര്യങ്ങൾ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.