മെസ്സിവിവാദം:സ്‌പോൺസറെ നിശ്ചയിച്ചതിൽ ക്രമക്കേട്, GST വെട്ടിപ്പ്; ഗുരുതര വീഴ്ചകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസ്സി വിവാദവുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ സർക്കാർതന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിച്ച നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്വേഷണത്തിലുണ്ടായ ഈ അനാസ്ഥയെക്കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതിയുടെ സ്‌പോൺസറെ നിശ്ചയിച്ചതിൽ ക്രമക്കേടുണ്ടായിട്ടുണ്ട്. താല്പര്യപത്രം ക്ഷണിക്കാതെയാണ് സ്പോൺസർമാരെ തീരുമാനിച്ചതെന്നാണ് വിവരം. സംസ്ഥാന സർക്കാർ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ടോയെന്നും സംശയമാണ്. പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. അതെല്ലാം പരിശോധിക്കുകയാണ്. ഈ ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നുവെന്നും സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടോ എന്നും സർക്കാർ വിശദമായി പരിശോധിക്കും. കൂടാതെ, പദ്ധതിക്കായി എവിടെനിന്നാണ് ഫണ്ട് എത്തിയതെന്ന കാര്യവും അന്വേഷണ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാദവുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. നിലവിലെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. സ്വകാര്യ ഏജൻസികൾ ഏതെങ്കിലും തരത്തിൽ സർക്കാരിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: Chief Minister V.D. Satheesan revealed serious lapses in the sports department's inquiry report regarding the Messi controversy., Past GST evasion notice and a seven-month stagnation in the investigation are under special scrutiny., Sponsors were finalized without inviting an Expression of Interest (EoI), raising transparency issues., The government plans to recover financial losses and decide on a central agency probe after preliminary investigations.