'പ്രിൻസിപ്പൽ മദ്യപിച്ചെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല'; പിടിഎ പ്രസിഡന്റിനെതിരെയാണ് സംസാരിച്ചതെന്ന് വിദ്യാർഥികൾ

കൽപറ്റ: മീനങ്ങാടി എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിദ്യാർഥികളുടെ വിനോദയാത്രക്കിടെ പി.ടി.എ. പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചെന്ന് ആരോപണത്തിൽ വ്യക്തതവരുത്തി വിദ്യാർഥികൾ രംഗത്ത്. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചു എന്ന രീതിയിൽ ഉയർന്നുവന്ന ആരോപണം പൂർണമായും തെറ്റാണെന്നും വിദ്യാർഥികൾ ആരുംതന്നെ പ്രിൻസിപ്പലിനെതിരെ അങ്ങനെ ഒരു ആരോപണം ഉയർത്തിയിട്ടില്ലെന്നും യാത്രയിലുണ്ടായിരുന്ന വിദ്യാർഥികൾ വ്യക്തമാക്കി.
വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിച്ചതോടെ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നു തടയുകയും സ്ഥലത്ത് വലിയ സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ അധ്യാപകനെ രക്തപരിശോധനയ്ക്കായി കൊണ്ടുപോയി. സംഭവം വലിയ വിവാദമായതിന് പിന്നാലെ, ഇന്ന് ഉച്ചയോടെയാണ് പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്നും പിടിഎ (PTA) പ്രസിഡന്റാണ് മദ്യപിച്ച് വാഹനത്തിൽ കയറിയതെന്നുമുള്ള വിശദീകരണവുമായി കുട്ടികൾ രംഗത്തെത്തിയത്.
ഞായറാഴ്ച 133 വിദ്യാർഥികളുമായി മൂന്ന് ബസുകളിൽ ഹൈദരാബാദിലേക്ക് പുറപ്പെട്ട യാത്രാസംഘം ബുധനാഴ്ച മടങ്ങിവരുന്നതിനിടെ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഹാജിസ് ഉള്ളാടൻ മദ്യപിച്ച് വിദ്യാർഥികൾ യാത്രചെയ്തിരുന്ന ബസിൽ കയറിയെന്നാണ് വിദ്യാർഥികൾ ആരോപിച്ചത്. വിദ്യാർഥികൾ പ്രതിഷേധിച്ചതിനു പിന്നാലെ ഹാജിസിനെ വഴിയിൽ ഇറക്കിയെന്നും തുടർന്ന് ട്രാവൽ ഏജൻസിയുടെ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം നാട്ടിലേക്കു തിരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
യാത്രക്കിടെ മദ്യലഹരിയിലിരിക്കുന്ന പി.ടി.എ. പ്രസിഡന്റിന്റെ ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾ രക്ഷിതാക്കൾക്ക് അയച്ചിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കൾ യാത്രാസംഘം തിരിച്ചെത്തുന്നതിനു മുൻപേ സ്കൂളിലെത്തി. പി.ടി.എ. പ്രസിഡന്റിനെതിരേ വിദ്യാർഥികൾ പരാതി ഉന്നയിച്ച സമയത്ത് പ്രിൻസിപ്പൽ കുട്ടികളുടെ ആശങ്കകൾ കേൾക്കാനോ, പ്രശ്നം പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും അതിനാൽ പ്രിൻസിപ്പലും മദ്യപിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു.
എന്നാൽ വിദ്യാർഥികൾ ബഹളമുണ്ടാക്കിയപ്പോൾതന്നെ പി.ടി.എ. പ്രസിഡന്റിനെ ബസിൽനിന്ന് താൻ ഇറക്കിവിട്ടുവെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പറഞ്ഞു. ഇതിനിടയിൽ രക്ഷിതാക്കൾ ൈകൈയേറ്റംചെയ്യാൻ ഒരുങ്ങിയതോടെ പോലീസ് പ്രിൻസിപ്പലിനെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനുവേണ്ടി പ്രിൻസിപ്പലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് പ്രിൻസിപ്പൽ രക്തപരിശോധന നടത്തി.
എന്നാൽ യൂറിൻ ടെസ്റ്റിന് വിധേയമാകാൻ ഇദ്ദേഹം തയ്യാറാകാതെ വന്നതോടെ പ്രതിഷേധം കനക്കുകയായിരുന്നു. പി.ടി.എ. പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രിൻസിപ്പലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തി. പിന്നാലെ, വിഷയത്തിൽ അന്വേഷണം നടത്തുന്നതിനുവേണ്ടി ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ. പി.എ. ജലീലിനെ ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ചുമതലപ്പെടുത്തി.
വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും കുറ്റകാരനെന്ന് തെളിഞ്ഞാൽ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും ഡോ. പി.എ. ജലീൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ്. പ്രവർത്തകരും കെ.എസ്.യുവും രംഗത്തെത്തി. ഹയർസെക്കൻഡറി മുൻ ജില്ലാ കോഡിനേറ്ററാണ് ഷിവി കൃഷ്ണൻ. അതുകൊണ്ടുതന്നെ സംഭവത്തിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നാണ് നിലവിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണം. പ്രിൻസിപ്പൽ മദ്യപിച്ചുവെന്ന് വിദ്യാർഥികളാരും പറഞ്ഞിട്ടില്ലെന്നും ആരാണ് അത്തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചതെന്ന് അറിയില്ലെന്നും വിദ്യാർഥികൾ പറയുന്നു.
'പിടിഎ പ്രസിഡന്റിനെ മദ്യത്തിന്റെ ദുർഗന്ധം ഉണ്ടായിരുന്നു. അപ്പോൾ തന്നെ ഞങ്ങൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ നടപടിയെടുത്തു, പിടിഎ പ്രസിഡന്റിനെ ബസ്സിൽ നിന്ന് ഇറക്കിവിട്ടു. ഞങ്ങൾ പ്രിൻസിപ്പലിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, പ്രിൻസിപ്പൽ മദ്യപിച്ചിരുന്നെങ്കിൽ പിടിഎ പ്രസിഡന്റിന്റെ കാര്യത്തിൽ പ്രതികരിച്ചതുപോലെ അപ്പോൾ തന്നെ തങ്ങൾ റിയാക്ട് ചെയ്യുമായിരുന്നു. പ്രിൻസിപ്പൽ പൂർണമായും നിരപരാധിയാണ്.' വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങൾ പുറത്തുവിട്ട വീഡിയോയിൽ പിടിഎ പ്രസിഡന്റിനെതിരെ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. എന്നാൽ, പ്രിൻസിപ്പലിനെതിരെയും ഞങ്ങൾ സംസാരിച്ചു എന്ന തരത്തിലാണ് പിന്നീട് വാർത്തകൾ വന്നത്. ആരാണ് അങ്ങനെ പ്രചരിപ്പിച്ചതെന്ന് അറിയില്ല. ചിലർ ദുരുദ്ദേശ്യത്തോടെ പ്രിൻസിപ്പലിനെതിരെ തെറ്റായ പ്രചാരണം നടത്തുകയാണ്. എപ്പോഴും, എന്ത് കാര്യത്തിനായും ഞങ്ങളുടെ സ്കൂളിനും കുട്ടികൾക്കും വേണ്ടി നിൽക്കുന്ന അധ്യാപകനാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. അദ്ദേഹത്തെ ഞങ്ങൾക്ക് തിരികെ വേണം.' വിദ്യാർഥികൾ പറഞ്ഞു.
വിനോദയാത്ര കഴിഞ്ഞെത്തിയ പ്രിൻസിപ്പലിനെ സ്കൂൾ വളപ്പിൽ കയറാൻ സമ്മതിക്കാതെ ചില രക്ഷിതാക്കൾ തടഞ്ഞുവെക്കുകയും മെഡിക്കൽ പരിശോധന നടത്തണമെന്ന് വാശിപിടിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. എന്നാൽ അപ്പോഴും താൻ മദ്യപിച്ചിട്ടില്ലെന്നും കുട്ടികൾ തനിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നുമുള്ള നിലപാടിലാണ് പ്രിൻസിപ്പൽ ഉറച്ചുനിന്നിരുന്നത്. സംഭവത്തിൽ മെഡിക്കൽ പരിശോധനാഫലം വന്നാൽ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരുള്ളൂ.
Content Highlights: Students clarified that allegations of the principal drinking during a school trip were false, stating that no student accused him, and the PTA president was the one who consumed alcohol. The incident led to a significant uproar, with parents demanding medical tests for the principal and the removal of the PTA president, resulting in an investigation led by the Higher Secondary District Coordinator. Students defended the principal, asserting that he acted promptly by removing the intoxicated PTA president from the bus and that any claims against the principal were baseless and politically motivated.