ഡോക്ടർമാരുടെ സമരം; മെഡിക്കൽ കോളേജിൽഇന്ന് രോഗികൾ വലയും

മെഡിക്കൽ കോളേജ്: ഡോക്ടർമാരുടെ സമരം നടക്കുന്നതിനാൽ വ്യാഴാഴ്‌ച ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ അടക്കമുള്ളവ തടസ്സപ്പെടാൻ സാധ്യത. സംസ്ഥാനവ്യാപകമായി മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഒ.പി. ബഹിഷ്‌കരണസമരത്തിനു പുറമേ വ്യാഴാഴ്ച ശസ്ത്രക്രിയ തിയേറ്ററുകളും ബഹിഷ്‌കരിക്കാനാണ് തീരുമാനം.
വ്യാഴാഴ്‌ച പി.ജി. ഡോക്ടർമാരും ഒ.പി. ബഹിഷ്‌കരണസമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിൻവലിച്ചത് ആശ്വാസമാകും. സമരത്തെത്തുടർന്ന് മുതിർന്ന ഡോക്ടർമാരുടെ അഭാവത്തിൽ പി.ജി. ഡോക്ടർമാരാണ് ഒ.പി.കൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ, വ്യാഴാഴ്ച പി.ജി. ഡോക്ടർമാർകൂടി ഒ.പി. ബഹിഷ്‌കരിച്ചിരുന്നുവെങ്കിൽ പൂർണമായും തടസ്സപ്പെടുമായിരുന്നു.
മുതിർന്ന ഡോക്ടർമാരുടെ സമരത്തെത്തുടർന്നുണ്ടാകുന്ന അധികജോലിഭാരത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് പി.ജി. ഡോക്ടർമാർ സമരം പ്രഖ്യാപിച്ചിരുന്നത്. ശസ്ത്രക്രിയ തിയേറ്റർ ബഹിഷ്‌കരിക്കുന്നതും രോഗികളെ ദുരിതത്തിലാക്കും. അടിയന്തര ശസ്ത്രക്രിയ തിയേറ്റർ പതിവുപോലെ പ്രവർത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണു മുടങ്ങാനിടയുള്ളത്. വിവിധ വിഭാഗങ്ങളിലായി മുൻകൂട്ടി നിശ്ചയിച്ച ശരാശരി 80 ശസ്ത്രക്രിയകളാണ് നടത്താറുള്ളത്.
ശസ്ത്രക്രിയ മുടങ്ങിയാൽ രോഗികൾ അടുത്ത തീയതിക്കായി കാത്തിരിക്കണം.
ചികിത്സയ്ക്കു പുറമേ വിദ്യാർഥികളുടെ പഠനവും താറുമാറായി. ക്ലാസുകൾ തടസ്സപ്പെടുന്നുണ്ട്. അതേസമയം, വാർഡുകൾ, അത്യാഹിതവിഭാഗം, ഐ.സി.യു.കൾ, പ്രസവമുറി എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശസ്ത്രക്രിയകളും തടസ്സപ്പെട്ടേക്കാം പി.ജി. ഡോക്ടർമാർ സമരം പിൻവലിച്ചത് ആശ്വാസം
Content Highlights: Kerala Medical College surgeries, including scheduled procedures, may be postponed due to a statewide doctor`s strike on Thursday. PG doctors have postponed their OP boycott, offering some relief.