ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

എം.സി ജോസഫൈന്‍
എം.സി ജോസഫൈന്‍

കൊച്ചി: അന്തരിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണിത്. നിശ്ചയിച്ച പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണിയോടെയാവും മൃതദേഹം നല്‍കുക. 

പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ജോസഫൈന്‍ ഞായറാഴ്ച ഒരു മണിയോടെയാണ് മരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് വൈകീട്ട് അഞ്ചിന് എറണാകുളത്തേക്ക് പുറപ്പെടും. രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലേക്കെത്തിക്കും. മൃതദേഹത്തെ എം.സ്വരാജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ അനുഗമിക്കും.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.

2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു.
 
ആലുവ സെന്റ് സേവ്യേഴ്സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.  പിന്നീട് ചാലക്കുടി സ്പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.

യുവജന സംഘടനയായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകയായിരുന്നു സംഘടന രാഷ്ട്രീയത്തില്‍ സജീവമായത്. 1978ല്‍ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2003ലാണ് സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1989ല്‍ ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പിലും 2006ല്‍ മട്ടാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

ട്രേഡ് യൂണിയന്‍ നേതാവും അങ്കമാലി നഗരസഭാ മുന്‍ കൗണ്‍സലറുമായിരുന്ന പരേതനായ പി.എ മത്തായി ആണ് ഭര്‍ത്താവ്. മകന്‍ മനു. മരുമകള്‍ ജ്യോത്സ്ന. മാനവ് വ്യാസും കണ്ണകിയുമാണ് കൊച്ചുമക്കള്‍.

Content Highlights: MC Josephines Dead Body Will Hand over to medical college