രാജേഷ് കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തിന് മറുപടിയില്ല; സെക്രട്ടറി മറുപടിനല്‍കിയിട്ടുണ്ടെന്ന് MB രാജേഷ്

എം.ബി. രാജേഷ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
എം.ബി. രാജേഷ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കത്തുവിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാര്‍ട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ഇങ്ങനെയൊരു കത്ത് കഴിഞ്ഞ നാലുകൊല്ലമായി വാട്‌സ്ആപ്പില്‍ കറങ്ങി നടക്കുന്നുണ്ടെന്നും ആളുകളെ അപമാനിക്കാന്‍ പലതും വിളിച്ചുപറയുകയാണെന്നും മന്ത്രി പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വ്യവസായി നല്‍കിയ രഹസ്യപരാതിയില്‍ എം.ബി. രാജേഷിന്റെ പേരും ഉള്‍പ്പെടുന്നതായുള്ള വാര്‍ത്ത സംബന്ധിച്ച ചോദ്യത്തോട് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറി മറുപടി പറഞ്ഞിരുന്നല്ലോ. ഈ കത്ത് നാലുകൊല്ലമായി വാട്‌സ്ആപ്പില്‍ കറങ്ങിനടക്കുകയാണ്. ചവറ്റുകൊട്ടയില്‍ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ. ഇമ്മാതിരിയുള്ള തോന്നിവാസങ്ങള്‍ ഒക്കെ വിളിച്ചുപറയുന്നതിനെ വാര്‍ത്തയാക്കിയിട്ട് ആഘോഷിക്കുന്നത് പരിതാപകരമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാര്‍ത്ത. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് ആവി ആയിപ്പോയോ?, രാജേഷ് ചോദിച്ചു.

ആളുകളെ അപമാനിക്കാന്‍ വേണ്ടി ആരെങ്കിലും എന്ത് വിളിച്ചുപറഞ്ഞാലും അത് ആഘോഷമാക്കിയിട്ട് മാറ്റുകയാണ്. പണ്ടൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വലിയ വിഷമമൊക്കെ ആയിരുന്നു, ഇപ്പോല്‍ പുല്ലുവിലയാണ് അതിന് കല്‍പിക്കുന്നതെന്നും രാജേഷ് പറഞ്ഞു.

രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാൻ എം.ബി. രാജേഷ് തയ്യാറായില്ല. ആ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായി. തല്‍ക്കാലം അതിനൊരു വാര്‍ത്തയ്ക്ക് തലക്കെട്ട് ഉണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തത വരുത്തേണ്ട കാര്യമൊന്നും ഇതിനകത്തില്ല. ഞാന്‍ ഇവിടെ ഉണ്ടാവുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

യു.കെ വ്യവസായിയും സിപിഎം അംഗവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് പിബിയ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കത്തില്‍ പരാമര്‍ശിക്കുന്ന മൂന്നു നേതാക്കളില്‍ ഒരാള്‍ എംബി രാജേഷ് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.

Content Highlights: Minister MB Rajesh addresses the letter controversy