ശ്രീലേഖയില്ല, ദീപ്തിയും; തിരഞ്ഞെടുപ്പ് നാളെ, കോർപ്പറേഷനുകളുടെ തലപ്പത്ത് ആരൊക്കെയെത്തും?

#ന്യൂസ് ഡെസ്‌ക്
വിവിധ കോർപറേഷനുകളിലെ മേയർ,ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായ 
വി.വി. രാജേഷ്, ആശാനാഥ്, എ.കെ. ഹഫീസ്,വി.കെ. മിനിമോൾ, ദീപക് ജോയ്, നിജി ജസ്റ്റിൻ,എ.പ്രസാദ്, ഒ.സദാശിവൻ, എസ്. ജയശ്രീ, പി. ഇന്ദിര എന്നിവർ. | Photo: Mathtrubhumi
വിവിധ കോർപറേഷനുകളിലെ മേയർ,ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായ വി.വി. രാജേഷ്, ആശാനാഥ്, എ.കെ. ഹഫീസ്,വി.കെ. മിനിമോൾ, ദീപക് ജോയ്, നിജി ജസ്റ്റിൻ,എ.പ്രസാദ്, ഒ.സദാശിവൻ, എസ്. ജയശ്രീ, പി. ഇന്ദിര എന്നിവർ. | Photo: Mathtrubhumi

കോഴിക്കോട്: സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നാളെ (ഡിസംബർ 26ന്) അറിയാം. മേയർമാർക്കുള്ള തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയർമാർക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കും നടക്കും. കണ്ണൂർ, തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിലെ മേയർസ്ഥാനങ്ങൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം

101 അംഗ തിരുവനന്തപുരം കോർപ്പറേഷനിൽ അൻപത് അംഗങ്ങളുമായി ജയിച്ച ബിജെപിയുടെ മേയർസ്ഥാനാർഥി വി.വി. രാജേഷാണ്. ആശാ നാഥാണ് പാർട്ടിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. കക്ഷിനില ഇങ്ങനെ: എൻഡിഎ-50, എൽഡിഎഫ്-29,യുഡിഎഫ്-19, മറ്റുള്ളവർ-2. വിഴിഞ്ഞം വാർഡിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞെങ്കിലും എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷമായ 51 എന്ന മാജിക്‌സംഖ്യ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ആർ. ശ്രീലേഖ, മേയർ സ്ഥാനത്തേക്ക് എത്തുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും വ്യാഴാഴ്ച ചിത്രം വ്യക്തമാവുകയും വി.വി. രാജേഷിന്റെയും ആശാ നാഥിന്റെയും സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയുമായിരുന്നു. കൊടുങ്ങാനൂർ വാർഡിൽനിന്നുള്ള പ്രതിനിധിയാണ് രാജേഷ്. കരുമം വാർഡിനെയാണ് ആശ പ്രതിനിധീകരിക്കുന്നത്.

അതേസമയം, യുഡിഎഫും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കവടിയാർ വാർഡിൽനിന്ന് ജയിച്ച കെ.എസ്. ശബരീനാഥനാണ് മേയർ സ്ഥാനാർഥി. കുന്നംകുഴി വാർഡിൽനിന്ന് ജയിച്ച മേരി പുഷ്പം ഡെപ്യൂട്ടി മേയർസ്ഥാനത്തേക്കും മത്സരിക്കും. എൽഡിഎഫും മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. പുന്നക്കാമുഗൾ കൗൺസിലറായ ആർ.പി. ശിവജിയാണ് സിപിഎമ്മിന്റെ മേയർ സ്ഥാനാർഥി.

കൊല്ലം

എൽഡിഎഫിന്റെ കൊല്ലംകോട്ടയിൽ മികച്ച വിജയമാണ് ഇക്കുറി യുഡിഎഫ് നേടിയത്. കോർപ്പറേഷനിലെ കക്ഷിനില ഇങ്ങനെ: യുഡിഎഫ്-27, എൽഡിഎഫ്-16, എൻഡിഎ-12, മറ്റുള്ളവർ-1. 56 അംഗ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായത് 29 അംഗങ്ങളുടെ പിന്തുണയാണ്. എന്നാൽ മൂന്ന് മുന്നണികൾക്കും ഇത്രയും അംഗങ്ങളില്ല. കോൺഗ്രസിന്റെ എ.കെ. ഹഫീസ് ആണ് കോൺഗ്രസിന്റെ മേയർസ്ഥാനാർഥി. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ ഹാഫിന്റെ പേര് മേയർപദത്തിലേക്ക് ഉയർത്തിക്കാണിച്ചിരുന്നു. താമരക്കുളത്തുനിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം. എന്നാൽ ഡെപ്യൂട്ടി മേയർ ആരാകുമെന്നതിൽ സസ്‌പെൻസാണ്. പള്ളിമുക്ക് വാർഡിൽനിന്ന് ജയിച്ച ആർഎസ്പിയുടെ ഷെെമ, കയ്യാലക്കലിൽനിന്ന് ജയിച്ച മാജിദ വഹാബ് എന്നിവരുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. 

കൊച്ചി

വൻഭൂരിപക്ഷത്തിൽ ഭരണംപിടിച്ചുവെങ്കിലും കൊച്ചി കോർപ്പറേഷനിലെ മേയർസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത്, കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗീസാകും മേയർസ്ഥാനത്തേക്ക് എത്തുകയെന്നായിരുന്നു വാർത്തകൾ. എന്നാൽ ഫലം വന്നതിന് പിന്നാലെ കഥമാറി. അഡ്വ. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലംവീതം മേയർസ്ഥാനം വഹിക്കും. ആദ്യത്തെ രണ്ടരക്കൊല്ലം ദീപക് ജോയിയാകും ഡെപ്യൂട്ടി മേയർ. രണ്ടാം ടേമിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാകും.

കൊച്ചി കോർപ്പറേഷനിലെ കക്ഷിനില ഇങ്ങനെ:

ആകെ സീറ്റുകൾ-76
യുഡിഎഫ്-46
എൽഡിഎഫ്-20
എൻഡിഎ-6
മറ്റുള്ളവർ-4

പാലാരിവട്ടത്തു നിന്നുള്ള പ്രതിനിധിയാണ് മിനിമോൾ. ഷൈനി മാത്യു ഫോർട്ട് കൊച്ചിയെയും പ്രതിനിധീകരിക്കുന്നു. അയ്യപ്പൻകാവിൽ നിന്നുള്ള പ്രതിനിധിയാണ് ദീപക് ജോയ്. കെ.വി.പി. കൃഷ്ണകുമാർ എറണാകുളം സൗത്തിൽനിന്നുള്ള പ്രതിനിധിയാണ്.

തൃശ്ശൂർ

56 അംഗ തൃശ്ശൂർ കോർപ്പറേഷനിൽ 33 സീറ്റുകളുമായി വലിയ വിജയമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ എൻഡിഎ എട്ടിടത്ത് വിജയിച്ചു. മറ്റുള്ളവർ-4. ചരടുവലികളുണ്ടായിരുന്നെങ്കിലും കാര്യമായ തർക്കങ്ങളൊന്നുമില്ലാതെ മേയർ സ്ഥാനാർഥിയായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് പ്രഖ്യാപിച്ചു. എ. പ്രസാദാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. കിഴക്കുംപാട്ടുകരയിൽ നിന്ന് വിജയിച്ച നിജി, ഗൈനക്കോളജിസ്റ്റു കൂടിയാണ്. സിവിൽ സ്‌റ്റേഷൻ ഡിവിഷനിൽനിന്നാണ് എ. പ്രസാദ് വിജയിച്ചത്.

കോഴിക്കോട്

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഏക കോർപ്പറേഷനാണ് കോഴിക്കോട്. 76 അംഗ കോർപ്പറേഷനിലെ കക്ഷിനില ഇങ്ങനെ: എൽഡിഎഫ്-34, യുഡിഎഫ്-26, എൻഡിഎ-13, മറ്റുള്ളവർ-3. കോർപ്പറേഷനിൽ കേവലഭൂരിപക്ഷത്തിന് 39 പേരുടെ പിന്തുണയാണ് വേണ്ടത്. സിപിഎം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റിയംഗം ഒ. സദാശിവനാണ് എൽഡിഎഫിന്റെ കോർപ്പറേഷൻ മേയർ സ്ഥാനാർഥി. ഡോ. എസ്. ജയശ്രീയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. തടമ്പാട്ടുതാഴം വാർഡിൽനിന്നുള്ള പ്രതിനിധിയാണ് സദാശിവൻ. ജയശ്രീ പ്രതിനിധീകരിക്കുന്നത് കോട്ടൂളി വാർഡിനെയാണ്.

6 കണ്ണൂർ

56 അംഗ കണ്ണൂർ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് സ്വന്തമാക്കിയത് ആധികാരികവിജയമാണ്. കക്ഷിനില ഇങ്ങനെ: യുഡിഎഫ്-36, എൽഡിഎഫ്-15, എൻഡിഎ-4, മറ്റുള്ളവർ-1. നിലവിലെ ഡെപ്യൂട്ടി മേയറായ പി. ഇന്ദിരയാണ് യുഡിഎഫിന്റെ മേയർസ്ഥാനാർഥി. പയ്യാമ്പലം ഡിവിഷനിൽനിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ലീഗ് അംഗം കെ.പി. താഹിറാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. വാരം ഡിവിഷനിൽനിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം.

Content Highlights: mayor and deputy mayor election candidates in various corporations of kerala