‘മയിൽപ്പീലി’യിൽ സർക്കാരിന് തിരിച്ചടി; ജില്ലാതല പരീക്ഷ നടത്താൻ കോടതി അനുമതി നൽകി, ഫലപ്രഖ്യാപനം തടഞ്ഞു

#ന്യൂസ് ഡെസ്ക്

കൊച്ചി: മയിൽപ്പീലി യങ് സ്‌കോളർഷിപ്പ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പരീക്ഷയുടെ ജില്ലാതല മത്സരങ്ങൾ നടത്തുന്നതിന് ഹൈക്കോടതി അനുമതി നൽകി. എന്നാൽ പരീക്ഷയുടെ ഫല പ്രഖ്യാപനം കോടതി തടഞ്ഞിട്ടുണ്ട്.

കേരളത്തിലെ സ്‌കൂളുകളിൽ സംഘ്പരിവാർ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ 'മയിൽപ്പീലി' മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷയാണ് 'യങ് സ്‌കോളർ എക്‌സാം'. പരീക്ഷ നടത്തരുതെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് അധ്യാപക സംഘടനയായ എൻടിയു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

രജിസ്‌ട്രേഷൻ നടപടികൾ അടക്കം പൂർത്തിയായ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ഞായറാഴ്ച ജില്ലാതല മയിൽപ്പീലി യങ് സ്‌കോളർഷിപ്പ് പരീക്ഷ നടത്തുന്നതിനാണ് കോടതി ഒറ്റത്തവണ അനുമതി നൽകിയത്. മുൻപ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിന് അനുമതി നൽകിയിരുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് കോടതി ഇപ്പോൾ ഇടപെട്ടിരിക്കുന്നത്.

ജില്ലാതല പരീക്ഷയ്ക്ക് അനുമതി ലഭിച്ചെങ്കിലും സംസ്ഥാനതല പരീക്ഷകൾ നടത്തുന്നതിനോ ഫല പ്രഖ്യാപനം നടത്തുന്നതിനോ നിലവിൽ അനുമതി നൽകിയിട്ടില്ല. ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ ഇതിൽ തുടർന്നുള്ള തീരുമാനമുണ്ടാകൂ. പരീക്ഷ നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നതായും പിന്നീട് യാതൊരു കാരണവും പറയാതെയും നോട്ടീസ് പോലും നൽകാതെയുമാണ് സർക്കാർ അനുമതി റദ്ദാക്കിയതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

ആദ്യം അനുമതി നൽകിയത് തെറ്റായിപ്പോയെന്നും, അത് ഉദ്യോഗസ്ഥന് പറ്റിയ പിഴവാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ആ തെറ്റ് ബോധ്യപ്പെട്ടതിനാലാണ് അനുമതി തിരുത്തി റദ്ദാക്കിയതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മതസ്വഭാവമുള്ളതോ രാഷ്ട്രീയ സ്വഭാവമുള്ളതോ ആയ സംഘടനകളുടെ ഇത്തരത്തിലുള്ള സ്‌കോളർഷിപ്പ് പരിപാടികളോട് യോജിക്കാൻ കഴിയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിന്റെ ഭാഗമാകാൻ പാടില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

ഇത് ഇടക്കാല ഉത്തരവാണ്. ഹർജിയിൽ ഹൈക്കോടതിയുടെ അന്തിമ തീർപ്പു വരുന്നതുവരെ ഈ സ്ഥിതി തുടരും.

Content Highlights: Kerala High Court granted permission for the district-level Mayilpeeli Young Scholarship examination., The court temporarily blocked the declaration of exam results pending a final verdict., The petition was filed by the teachers' organization NTU challenging the government's ban., The state government argued that public education departments should not endorse religious or political organization programs.