മാതൃഭൂമി ശതാബ്ദി ആഘോഷം:സമാപനം 18-ന് കൊച്ചിയില്‍

കോഴിക്കോട്: ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ജ്വലിപ്പിക്കുകയും പിന്നീട് മലയാളിയുടെ സമസ്തതലങ്ങളിലുമുള്ള സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളെ വഴിനടത്തുകയും ചെയ്ത മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് 18-ന് കൊച്ചിയില്‍ നടക്കും. 2022 മാര്‍ച്ച് 18-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്കാണ് സമാപനമാവുന്നത്.
ശതാബ്ദി പൂര്‍ണിമ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ 10.30-ന് നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രത്യേക സ്മരണിക പ്രകാശനം ചെയ്യും.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങിന് ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ സ്വാഗതം പറയും. മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, എം.പി.മാരായ ബെന്നി ബെഹനാന്‍, ജോസ് കെ. മാണി, ജെബി മേത്തര്‍, നിയമസഭാംഗം അന്‍വര്‍ സാദത്ത് എന്നിവര്‍ ആശംസയര്‍പ്പിക്കും. മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് നന്ദി പറയും.
Content Highlights: Mathrubhumi @ 100 Years