'കുഴൽനാടൻ പാർട് ടൈം രാഷ്ട്രീയക്കാരൻ, വിയർപ്പിന്റെ വില അറിയാതെ ആരോപണങ്ങൾ ഉന്നയിക്കുന്നു'- സിഎൻ മോഹനൻ

കൊച്ചി: മാത്യു കുഴൽനാടൻ എം.എൽ.എ. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലെന്ന് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ. രണ്ടര കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാത്യു കുഴൽനാടന്റെ നിയമസ്ഥാപനം അയച്ച നോട്ടീസിന് നൽകിയ മറുപടിയിലാണ് മാത്യുവിനെ 'പാർട് ടൈം രാഷ്ട്രീയക്കാരൻ' എന്ന് വിശേഷിപ്പിച്ചത്.
സ്വന്തം പാർട്ടിയിലെ ആത്മസമർപ്പണം ചെയ്ത നേതാക്കളുടേയും, പ്രവർത്തകരുടേയും പ്രവർത്തനത്തിന്റെ ഫലം അനുഭവിക്കുന്ന പാർട് ടൈം രാഷ്ട്രീയക്കാരനാണ് മാത്യു. മുഴുവൻ സമയ രാഷ്ട്രീയ നേതാക്കളുടെ കഠിനാധ്വാനത്തിന്റെയും, വിയർപ്പിന്റെയും വിലയറിയാതെ അവർക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നുവെന്നും സി.എൻ. മോഹനൻ വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ സി.കെ. ശശി നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.
മാത്യു കുഴൽ നാടൻ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളിലെ തെറ്റായ വസ്തുതകളും സാമ്പത്തിക ക്രമക്കേടുകളെയും സംബന്ധിച്ച് അന്വേഷിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യത്തെ അദ്ദേഹത്തിന് പങ്കാളിത്വം ഉള്ള കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. കെഎംഎൻപി ലോയ്ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. കെഎംഎൻപി ലോയ്ക്ക് ദുബൈയിൽ ഓഫീസ് ഉണ്ടെന്ന് ആരോപണവും ഉന്നയിച്ചിട്ടില്ല. ദുബൈയിലെ കരിയർ ഹൌസ് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ മാത്യൂവിന് ഓഹരി പങ്കാളിത്തം ഉണ്ടെന്ന് മാത്രമാണ് ആരോപിച്ചിട്ടുള്ളതെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. വക്കീൽ നോട്ടീസിലെ ആരോപണങ്ങൾ മറുപടിയിൽ നിഷേധിച്ചിട്ടുണ്ട്.
കുഴൽ നാടനെതിരെ കള്ളപ്പണം ഇടപാട് ഉൾപ്പടെയുള്ള വിഷയങ്ങളിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്നും മോഹനന്റെ അഭിഭാഷകൻ. ഇക്കാര്യത്തിലെ വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതുണ്ടെന്നും മറുപടി യിൽ വിശദീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാത്യു കുഴൽ നാടൻ പാർട്ണറായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ന്യൂ ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ടെന്ന് മോഹനൻ ആരോപിച്ചിരുന്നു എന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ ഓഫീസുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചിരുന്നുവെന്നും നോട്ടീസിൽ വിശദീകരിച്ചിരുന്നു. നിയമസ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ട് കോടി അമ്പത് ലക്ഷം രൂപ മോഹനൻ നൽകണം എന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
Content Highlights: mathew kuzhalnadan part time politician says c mohanan