പഞ്ചായത്തംഗത്തെ കാണാതായ സംഭവം: വീടുവിട്ടത് ഭർത്തൃവീട്ടിലെ പീഡനം മൂലമെന്ന് മൊഴി

ധന്യയെ ആൾതാമസം ഇല്ലാത്ത വീടിന്റെ ശൗചാലയത്തിൽ കണ്ടെത്തിയപ്പോൾ
ധന്യയെ ആൾതാമസം ഇല്ലാത്ത വീടിന്റെ ശൗചാലയത്തിൽ കണ്ടെത്തിയപ്പോൾ

അടിമാലി: ഭർത്തൃവീട്ടിലെ പീഡനം കാരണമാണ് താൻ അവിടം വിട്ടതെന്ന് മാങ്കുളം പഞ്ചായത്ത് അംഗം ധന്യ ഗണേശൻ പോലീസിന് മൊഴിനൽകി. അടിമാലി താലൂക്ക് ആശുപത്രിയിൽവെച്ചാണ് ധന്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ഭർത്താവ് തന്റെ ഫോൺ അടിച്ചുപൊട്ടിക്കുകയും, വഴക്കുപറയുകയും ചെയ്തതിന്റെ വിഷമത്തിലാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. അമ്പതാംമൈലിലുള്ള ബന്ധുവീട്ടിലും കാട്ടിലുമായാണ് അഞ്ച് രാത്രി കഴിഞ്ഞത്.

ബന്ധുവിന്റെ വീട്ടിൽനിന്ന് ചിലദിവസം പകൽ ഭക്ഷണം കഴിച്ചു. പോലീസും നാട്ടുകാരും രണ്ടാംദിവസവും മൂന്നാംദിവസവും പരിശോധനയ്ക്ക് വന്നപ്പോൾ കാട്ടിൽ മരത്തിന്റെ പൊത്തിൽ ഒളിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് താൻ ആളൊഴിഞ്ഞ വീടിന്റെ ശൗചാലയത്തിൽ എത്തിയത്. തീർത്തും അവശതയിലായതോടെ പോലീസിന്റെ മുൻപിൽ എത്തുവാൻ തീരുമാനിക്കുകയായിരുന്നു. ആരുടെയും പ്രേരണയിലല്ല താൻ ഇത്രയും ദിവസം ഒളിവിൽ താമസിച്ചതെന്നും ധന്യ മൊഴി നൽകി.

തിങ്കളാഴ്ച രാവിലെയാണ് ആൾത്താമസമില്ലാത്ത വീട്ടിൽ അവശനിലയിൽ ധന്യയെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ദേവികുളം മജിസ്ട്രേറ്റിന് മുന്പിൽ ഹാജരാക്കി. തുടർന്ന് മെമ്പറുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് തുടർനടപടി സ്വീകരിക്കുമെന്ന് മൂന്നാർ ഡിവൈ.എസ്.പി. പറഞ്ഞു.

അതേസമയം, അടിമാലി താലൂക്ക് ആശുപത്രിയിലെ പരിശോധനയിൽ ധന്യയുടെ നാക്കിനടിയിൽനിന്ന് ടിഷ്യു പേപ്പർ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മൂന്നാർ ഡിവൈ.എസ്.പി. പറഞ്ഞു. ഭർത്താവിനെതിരേ കേസെടുക്കണമെന്ന് ധന്യ മൊഴി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Content Highlights: Mankulam Panchayat member Dhanya Ganesan explains why she went missing, citing domestic issues.