എതിരാളി മാത്രമല്ല, അപരനും; മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർഥിയും അഷ്‌റഫ്; യുഡിഎഫിന് നെഞ്ചിടിപ്പ്

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന മത്സരമാകും. രാഷ്ട്രീയ പോരിനെക്കാളുപരി അപര, വിമത സ്ഥാനാർഥികളുടെ സാന്നിധ്യവും മണ്ഡലത്തിലേക്ക് രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധതിരിക്കും. ഈ അപരനും വിമതനും സിറ്റിങ് എം.എൽ.എ.യും യു.ഡി.എഫ്. സ്ഥാനാർഥിയുമായ എ.കെ.എം. അഷ്‌റഫിന്റെ നെഞ്ചിടിപ്പാണേറ്റുന്നത്.
മണ്ഡലത്തിൽ എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി മത്സരിക്കുന്നത് ജില്ലാ കൗൺസിൽ അംഗം അഷ്‌റഫ് കെ.എം. ആണ്. രണ്ടുപേരുടെയും പേര് അഷ്‌റഫ്. ഇനിഷ്യലിൽ ഒരു 'എ'യിൽ മാത്രമാണ് വ്യത്യാസം. എസ്.ഡി.പി.ഐ. നേതാവായ അഷ്‌റഫ് കെ.എം. അഷ്‌റഫ് ബഡാജെ എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ നാമനിർദേശ പത്രികയിൽ അഷ്‌റഫ് കെ.എം. എന്നാണുള്ളത്. ചിഹ്നം നോക്കാതെ പേരുനോക്കി വോട്ടുചെയ്താൽ മാറിപ്പോകാൻ സാധ്യതയേറെയാണ്.
സാമൂഹികമാധ്യമങ്ങളിലും പോര്
എസ്.ഡി.പി.ഐ. യു.ഡി.എഫ്. പേരിനോട് സാമ്യമുള്ള പേരോടുകൂടിയ സ്ഥാനാർഥിയെ നിർത്തിയതിൽ സാമൂഹികമാധ്യമങ്ങളിലും പോര് കനക്കുന്നുണ്ട്. 'ബി.ജെ.പി. തലകുത്തിനിന്നാൽ കിട്ടാത്ത അപരനെയാണ് എസ്.ഡി.പി.ഐ. അവതരിപ്പിച്ചതെ'ന്നുവരെ പോകുന്നു വിമർശം. എന്നാൽ സ്ഥാനാർഥിയെ നിർണയിക്കുക രാഷ്ട്രീയപാർട്ടിയുടെ സ്വാതന്ത്ര്യമാണെന്നും ലീഗും അപരനെ നിർത്തിയിട്ടില്ലേയെന്നും മറുപക്ഷവും ചോദിക്കുന്നു. എസ്.ഡി.പി.ഐ. സ്ഥാനാർഥി വന്നതും അത് ഫലത്തിൽ അപരൻകൂടിയായി മാറിയതും നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.
പാർട്ടിയുടെ രൂപവത്കരണത്തിനുശേഷം നടന്ന 2011, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019 ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി.യുടെ വിജയസാധ്യത തടയാൻ എസ്.ഡി.പി.ഐ. മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല. മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് വിട്ടുനിന്നതെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഈ രാഷ്ട്രീയനിലപാടിനോട് യു.ഡി.എഫ്. വേണ്ടത്ര രീതിയിൽ സഹകരിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ഇത്തവണ സ്വന്തം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതെന്നും അവർ പറയുന്നു. മണ്ഡലത്തിൽ ഏഴായിരത്തോളം വോട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം.
അറബി അധ്യാപകസംഘടനാ മുൻ സംസ്ഥാന പ്രസിഡന്റും യൂത്ത്ലീഗ് മുൻ മണ്ഡലം സെക്രട്ടറിയുമായ കണ്ണൂർ അബ്ദുള്ളയും സ്വതന്ത്രനായി മണ്ഡലത്തിൽ പത്രിക നൽകിയിട്ടുണ്ട്.
2019-ലെ ഉപതിരഞ്ഞെടുപ്പിലും നാമനിർദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ ഇടപെട്ടാണ് പിൻവലിപ്പിച്ചത്.
തന്റെ മത്സരം ലീഗിനെതിരല്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ചാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും കണ്ണൂർ അബ്ദുള്ള പിടിക്കുന്ന വോട്ടുകളും യു.ഡി.എഫ്. സ്ഥാനാർഥിക്ക് ഭീഷണിയാണ്. പത്രിക പിൻവലിക്കാനുള്ള സമയത്തിനുശേഷവും ഈ രണ്ട് സ്ഥാനാർഥികളും മത്സരരംഗത്തുണ്ടാകുമോയെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. 2021-ൽ എ.കെ.എം.അഷ്‌റഫ് 745 വോട്ടുകൾക്കാണിവിടെ വിജയിച്ചത്. മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥി ബി.ജെ.പി.യിലെ കെ.സുരേന്ദ്രനും എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ കെ.ആർ.ജയാനന്ദയുമാണ്.
Content Highlights: UDF sitting MLA AKM Ashraf faces a tough challenge from candidates with similar names., SDPI has fielded a candidate named Ashraf KM, causing confusion among voters., Rebel candidate Kannur Abdullah is contesting, potentially splitting UDF votes., The BJP is monitoring the situation closely as vote-splitting could favor them., The 2021 election was won by a narrow margin of 745 votes, making every vote count.