മംഗളൂരു റെയിൽവേ മേഖല വിഭജനം; തീവണ്ടികളുടെ എമർജൻസി ക്വാട്ട മാറും, എം.പി.മാർക്കും തിരിച്ചടി

പയ്യന്നൂർ: മംഗളൂരു റെയിൽവേ മേഖല വിഭജിച്ചതോടെ തീവണ്ടികളുടെ എമർജൻസി ക്വാട്ടയിലും (ഇ.ക്യു.) മാറ്റം. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടികളിലെ ഇ.ക്യു. പാലക്കാട് ഡിവിഷന് പൂർണമായി കിട്ടില്ല. വണ്ടി പുറപ്പെടുന്ന സ്റ്റേഷനിൽനിന്നുള്ള എമർജൻസി ക്വാട്ടയുടെ വിഹിതം വ്യാഴാഴ്ച മുതൽ കുറഞ്ഞു. വന്ദേഭാരത്, മാവേലി, മലബാർ എക്‌സ്പ്രസുകൾ ഉൾപ്പെടെ 18 വണ്ടികളെ ഇത് ബാധിക്കും. മംഗളൂരു സെൻട്രലിൽനിന്നും മംഗളൂരു ജങ്ഷനിൽനിന്നും ആരംഭിക്കുന്നതും അതുവഴി പോകുന്നതുമായ വണ്ടികളുടെ ഹെഡ് ക്വാർട്ടർ ക്വാട്ടയിലാണ് മാറ്റം വരുത്തിയത്.
മംഗളൂരുവിൽനിന്ന് ആരംഭിച്ച് ബെംഗളൂരു, കൊങ്കൺ റെയിൽവേ ഭാഗത്തേക്ക് പോകുന്ന വണ്ടികളുടെ എമർജൻസി ക്വാട്ടയുടെ പൂർണ ഉത്തരവാദിത്വം ഇനി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനായിരിക്കും. ഒരു വിഹിതവും പാലക്കാട് ഡിവിഷനില്ല. മംഗളൂരു-ഗോവ വന്ദേഭാരത്, മത്സ്യഗന്ധ ഉൾപ്പെടെ എട്ടു വണ്ടികളിൽ പാലക്കാടിന് പ്രാതിനിധ്യമില്ല.
മംഗളൂരുവിൽനിന്ന് ആരംഭിച്ച് തിരുവനന്തപുരം, ചെന്നൈ ഭാഗങ്ങളിലേക്ക് പോകുന്ന വണ്ടികളുടെ എമർജൻസി ക്വാട്ടയിൽ മൂന്നിൽ രണ്ട് ഭാഗമായിരിക്കും ഇനി പാലക്കാട് ഡിവിഷന് ലഭിക്കുക. ഒരുഭാഗം മൈസൂരു ഡിവിഷനാണ് അധികാരം. ലോവർ ബർത്തുകൾ ഉൾപ്പെടെയാണ് ഈ പങ്കിടൽ. നിലവിൽ ഒരു വണ്ടിക്ക് ശരാശരി 30 സ്ലീപ്പർ ബർത്തുകൾ ഇ.ക്യു. വിഭാഗത്തിൽ മാറ്റിവെക്കാറുണ്ട്.
മുൻപ് പാലക്കാട് ഡിവിഷനിൽനിന്നാണ് മുഴുവൻ ഇ.ക്യു. ടിക്കറ്റുകളും അനുവദിക്കാറ്. ഇനി 20 എണ്ണം മാത്രമേ പാലക്കാടിന് ലഭിക്കൂ. 10 എണ്ണം മൈസൂരു ഡിവിഷനാണ് അനുവദിക്കുക. തേർഡ് എ.സി.യിലെ 15 ഇ.ക്യൂ.വിൽ 10 എണ്ണം പാലക്കാടും അഞ്ചെണ്ണം മൈസൂരു ഡിവിഷനുമാണ് നൽകുക.
ക്വാട്ട കുറഞ്ഞത് എം.പി.മാർക്കും തിരിച്ചടിയാകും
അടിയന്തരയാത്രയ്ക്കായി റെയിൽവേ മാറ്റിവെച്ചിരിക്കുന്ന എമർജൻസി ക്വാട്ടയിൽ കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, എം.പി.മാർ തുടങ്ങിയവർക്ക് മുൻഗണനയുണ്ട്. പാലക്കാട് ഡിവിഷന് ക്വാട്ട കുറഞ്ഞതോടെ കേരളത്തിലെ എം.പി.മാർക്കും അവരുടെ ശുപാർശകർക്കും കിട്ടാനുള്ള സാഹചര്യം കുറയും. ഗുരുതര രോഗങ്ങൾ, ജോലി ആവശ്യം ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളുള്ള സാധാരണക്കാർക്കും എമർജൻസി ക്വാട്ട സമർപ്പിക്കാം.
Content Highlights: Mangaluru railway division split reduces Emergency Quota (EQ) for Palakkad division., Affects 18 trains including Vande Bharat, Maveli, and Malabar Express., Mysuru division takes over portions of EQ allocation for trains heading to Bengaluru and Konkan., MP recommendations and emergency travel for common passengers will face reduced seat availability.