കാർ കത്തി യുവാവ് മരിച്ച സംഭവം ആത്മഹത്യ; അന്വേഷണം, ഭാര്യയും മക്കളും രക്ഷപ്പെട്ടത് സമയോചിത ഇടപെടലിൽ

കത്തിയവാഹനം പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ, ഇൻസൈറ്റിൽ സജീർ
കത്തിയവാഹനം പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ, ഇൻസൈറ്റിൽ സജീർ

മാനന്തവാടി: കാറിനുള്ളിൽ തീപടർന്ന് യുവാവ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ണൂർ ഇരിട്ടി കിളിയന്തറ വള്ളിത്തോട് മലയന്റെപറമ്പത്ത് എം.പി. സജീറാ(45)ണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി എരുമത്തെരുവിലെ ബിസിനസുകാരന്റെ വീടിന്റെ ഗേറ്റിനുമുന്നിൽവെച്ചാണ് കാറിനകത്തിരുന്ന് സജീർ തീകൊളുത്തിയത്. കൂടെ ഭാര്യ നജ്മുന്നിസയും മൂന്നുമക്കളുമുണ്ടായിരുന്നു. ശരീരത്തിൽ അൻപതുശതമാനത്തിലേറെ പൊള്ളലേറ്റ നജ്മുന്നിസയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി.

ബിസിനസുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് സജീർ ജീവിതം അവസാനിപ്പിച്ചതിനുപിന്നിലെന്ന് കരുതുന്നു. സജീറിന്റെ ഭാര്യയുടെ സഹോദരൻ ടി.പി. മുഹമ്മദ് അജ്മലിന്റെ പരാതിയിൽ മാനന്തവാടി പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് രണ്ട് കാനിൽ പെട്രോൾ കണ്ടെത്തിയിരുന്നു.

മരിച്ചതിനുപിന്നാലെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയുള്ള സജീറിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. മാനന്തവാടിയിലെ ഒരു ബിസിനസുകാരന്റെയും കർണാടക കുട്ട പൂച്ചക്കല്ല് സ്വദേശിയുടെയും പേര് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെപേരിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. മാനന്തവാടി എസ്.ഐ. കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനുശേഷം മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടംചെയ്തു. വൈകീട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വർഷങ്ങായി കർണാടക കുട്ടയിൽ വ്യാപാരംനടത്തുന്ന സജീർ കുടുംബസേമേതം കുട്ടയിൽത്തന്നെയാണ് താമസം. നിബ്രാൻ, നിസാൻ, ആയിഷ എന്നിവർ മക്കളാണ്.

(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, 'ദിശ' ഹെൽപ്പ്ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471 2552056)

നൊമ്പരമായി സജീറിന്റെ വേർപാട്

മാനന്തവാടി: സ്വന്തംകാറിൽ തീകൊളുത്തി ജീവിതമവസാനിപ്പിച്ച സജീറിന്റെ വേർപാട് കേട്ടവരിൽ നൊമ്പരമുണ്ടാക്കി. ഭാര്യയെയും മക്കളെയും മരണത്തിലേക്ക് ഒപ്പം കൊണ്ടുപോകാൻ ഉദ്ദേശിച്ചാണ് ആത്മഹത്യക്കിറങ്ങിയതെന്ന് സജീറിന്റെ വീഡിയോസന്ദേശത്തിൽ വ്യക്തമാണ്. തന്റെയും ഭാര്യയുടെയും മക്കളുടെയും മരണത്തിനു കാരണക്കാരനായി രണ്ടാൾക്കാരുടെ പേരുപറഞ്ഞുകൊണ്ടാണ് 13 മിനിറ്റിലധികം ദൈർഘ്യമുള്ള സജീറിന്റെ വീഡിയോ തുടങ്ങുന്നത്. മാനന്തവാടിയിലെ ബിസിനസുകാരന്റെ ഉടമസ്ഥതയിൽ കുട്ടത്തുള്ള കെട്ടിടത്തിൽ താൻ 1.20 കോടി മുടക്കിയിട്ടുണ്ടെന്ന് സജീർ പറയുന്നു. 25 ലക്ഷം രൂപവാങ്ങി ഈ കെട്ടിടം തിരികെനൽകി. 25 ലക്ഷം രൂപ തിരികെനൽകുമ്പോൾ വ്യാപാരാവശ്യത്തിനായി കെട്ടിടം തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മറ്റൊരാൾക്ക് ഈ കെട്ടിടം കൈമാറുകയായിരുന്നു. മുടക്കിയ 1.20 കോടി രൂപയ്ക്കുപകരം എൺപതുലക്ഷം രൂപയെങ്കിലും തരണമെന്നാവശ്യപ്പെട്ടെങ്കിലും കെട്ടിട ഉടമ ഇതിന് തയ്യാറായില്ലെന്ന് സജീർ പറയുന്നു.

മറ്റൊരാൾക്ക് കെട്ടിടം കൊടുത്ത് പേരുമാറ്റിയതിൽ പ്രയാസമുണ്ടെന്നും മരിക്കുന്ന തന്റെ ബാധ്യത അദ്ദേഹത്തോട് വീട്ടാൻ എല്ലാവരും ഇടപെടണമെന്നും സജീർ പറയുന്നുണ്ട്.

കുട്ടം പോലീസ് സ്റ്റേഷന് സമീപത്തുള്ള മറ്റൊരാളുടെ പേരും തന്റെ മരണത്തിനുകാരണമായതായി സജീർ പറയുന്നുണ്ട്. താൻ നടത്തിയിരുന്ന വസ്ത്രശാല ഇദ്ദേഹത്തിനു നൽകിയിരുന്നു. മരിക്കുന്നതുവരെ പേരുമാറ്റില്ല എന്ന ഉറപ്പിലാണ് ഒരുവർഷം 15 ലക്ഷത്തോളം രൂപ ലാഭം ലഭിക്കുന്ന സ്ഥാപനം നൽകിയത്. വർഷത്തിൽ എന്തെങ്കിലും കണക്കുകൂട്ടി തരാം എന്ന വ്യവസ്ഥയിൽ എട്ടുലക്ഷം രൂപയ്ക്കാണ് ഈ സ്ഥാപനം നൽകിയത്. വിൽക്കാൻ താത്പര്യമില്ലാത്തിനാലാണ് ഇങ്ങനെ ചെയ്തത്. അതേയാൾത്തന്നെയാണ് മാനന്തവാടി സ്വദേശിയുടെ കെട്ടിടവും ബേക്കറി നടത്തിപ്പിനായി എടുത്തത്. തുണിക്കട നടത്താൻതുടങ്ങിയിട്ട് നാലുവർഷത്തിലേറെയായെങ്കിലും നൂറുരൂപപോലും തനിക്ക് തന്നില്ല. കുട്ടത്ത് 11-ഓളം സ്ഥാപനങ്ങൾ നടത്തിയ താൻ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. എല്ലാവരും സഹകരിച്ചിരുന്നു. അറുപതോളം പേർക്ക് ജോലിനൽകിയിട്ടുണ്ട്. ഒറ്റയ്ക്ക് മരിച്ചാൽ ഭാര്യയും മക്കളും കഷ്ടപ്പെടുമെന്ന് കരുതുന്നതിനാലാണ് ഒന്നിച്ച് ആത്മഹത്യചെയ്യുന്നതെന്നും സജീർ പറയുന്നുണ്ട്. തനിക്ക് സഹായംനൽകിയവരുടെ പേരുകളും വീഡിയോയിൽ സജീർ പറയുന്നുണ്ട്.

മാനന്തവാടിയിലെ ബിസിനസുകാരന്റെ വീടിന്റെ ഗേറ്റിനുമുന്നിലുള്ള റോഡിൽവെച്ചാണ് സജീർ കാറിനുള്ളിലിരുന്ന് തീകൊളുത്തിയത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ കുടുംബം രക്ഷപ്പെട്ടത് മനസ്സാന്നിധ്യവും നാട്ടുകാരുടെ സമയോചിതമായ ഇടപെടലും കാരണമാണ്. രാത്രിയിൽ 10.40-ഓടെ നടന്ന സംഭവം പരിസരവാസികൾപോലും അറിഞ്ഞത് രാത്രി ഏറെ വൈകിയാണ്. തീകൊളുത്തുന്നത് തടയാൻ മൂത്തമകൻ ഒട്ടേറെത്തവണ ശ്രമിച്ചെങ്കിലും ഇത് വിലപ്പോയില്ല. വാഹനത്തിന്റെ വിവിധ ഭാഗങ്ങളും ഗ്ലാസുകളും പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് തൊട്ടടുത്ത സിനിമാതിയേറ്ററിൽ ഉണ്ടായിരുന്നവരുൾപ്പെടെയുള്ളവർ ഓടിയെത്തുകയായിരുന്നു. പിലാക്കാവ്-ജെസി റോഡിൽനിന്നു അല്പം താഴ്ചയിലായതിനാലാണ് അധികമാരുടെയും ശ്രദ്ധയിൽപ്പെടാഞ്ഞത്. മാനന്തവാടി അഗ്‌നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്. റോഡിലുണ്ടായിരുന്ന കാർ പിന്നീട് ബിസിനസുകാരന്റെ വീട്ടുമുറ്റത്തേക്ക് തള്ളിമാറ്റുകയായിരുന്നു.

Content Highlights: Mananthavady Car Fire Incident Ruled Suicide: Businessman Ends Life Amidst Financial Disputes