ഇന്റർലോക്കിടൽ പൂർത്തിയായി; മാനാഞ്ചിറ എൽഐസി റോഡ് തുറന്നു

#ന്യൂസ് ഡെസ്‌ക്
നവീകരണം പൂർത്തിയായ മാനാഞ്ചിറ എൽ‌ഐസി റോഡ് തിങ്കളാഴ്ച തുറന്നപ്പോൾ
നവീകരണം പൂർത്തിയായ മാനാഞ്ചിറ എൽ‌ഐസി റോഡ് തിങ്കളാഴ്ച തുറന്നപ്പോൾ

കോഴിക്കോട്: നവീകരണം പൂർത്തിയായ മാനാഞ്ചിറ എൽഐസി റോഡ് തിങ്കളാഴ്ച തുറന്നു. എൽഐസി ഓഫീസിന്റെ ഗേറ്റുമുതൽ വൈക്കം മുഹമ്മദ് ബഷീർ റോഡ് വരെ ഇന്റർലോക്ക് പതിക്കുന്ന പണികൾ പൂർത്തിയായതോടെയാണ് റോഡ് തുറന്നത്. ഏകദേശം 500 മീറ്ററോളം നീളത്തിൽ സമീപത്തെ ഓവുചാലിന്റെ നവീകരണവും ഇതോടൊപ്പം പൂർത്തിയാക്കിയിട്ടുണ്ട്.

നടപ്പാതയിലെ ഇന്റലോക്ക് മാറ്റി, സ്ലാബ് നീക്കി മാലിന്യം അടിഞ്ഞുകൂടിക്കിടന്ന ഓവുചാൽ വൃത്തിയാക്കി. തുടർന്ന്, ഓവുചാലിന്റെ ഉയരംകൂട്ടി. തകർന്ന സ്ലാബുകൾ നന്നാക്കി അതിനുമുകളിൽ ഇന്റർലോക്ക് പതിച്ചശേഷം ഒഴിവുവന്ന ഭാഗങ്ങൾ സിമന്റിട്ട് അടയ്ക്കുകയും ചെയ്തതായി കോൺട്രാക്ടർ പറഞ്ഞു.

മഴപെയ്താൽ വെള്ളം ഓവുചാലിലേക്കും കമ്മിഷണർ ഓഫീസിനുമുന്നിലെ റോഡിലേക്കുമായി ഒഴുകിപ്പോകുന്ന രീതിയിൽ റോഡിന്റെ ഉയരംകൂട്ടി ചെരിച്ചാണ് ഇന്റർലോക്ക് പതിച്ചിരിക്കുന്നത്. ഇനി വെള്ളക്കെട്ട് ഉണ്ടാവാത്ത രീതിയിലാണ് പണി പൂർത്തിയാക്കിയിരിക്കുന്നതെന്ന് കോർപ്പറേഷൻ എൻജിനിയറിങ് വിഭാഗം അധികൃതർ പറഞ്ഞു.

ചെറിയമഴപെയ്താൽപോലും വെള്ളക്കെട്ടുണ്ടാവുകയും വാഹനയാത്രപോലും ബുദ്ധിമുട്ടാവുകയും ചെയ്തതോടെയാണ് എൽഐസി റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി പ്ലാൻഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നവംബറിൽ പണി തുടങ്ങിയെങ്കിലും ക്വാറിസമരവും മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കയും കാരണം പ്രവൃത്തി നീണ്ടു.

റോഡ് പൊളിച്ചുമാറ്റി മണ്ണെടുത്താണ് ഇന്റർലോക്ക് പാകിയത്. ഈ മണ്ണ് മെഡിക്കൽ കോളേജിലെ പണിനടക്കുന്ന സ്ഥലത്തേക്ക് മാറ്റിയശേഷമാണ് റോഡ് തുറന്നത്. എന്നാൽ, തുറന്ന റോഡിലെ കടുത്ത പൊടിശല്യം കാരണം ആളുകൾ ബുദ്ധിമുട്ടുകയാണ്.

'മുഖംതിരിച്ച്' ഓട്ടോസ്റ്റാൻഡ്

എൽഐസി റോഡ് തുറന്നതോടെ ഗതാഗതം പഴയപടിതന്നെ ആരംഭിച്ചതായി സിറ്റി ട്രാഫിക് സിഐ കെ. അബ്ദുൾ ഹക്കീം പറഞ്ഞു. ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും കടത്തിവിട്ടുതുടങ്ങി. റോഡ് അടച്ചപ്പോൾ ക്രമീകരണം ഏർപ്പെടുത്തിയിരുന്ന ടൗൺഹാളിനുമുന്നിലെ റോഡിലൂടെ ഒറ്റവരിഗതാഗതം തന്നെയാക്കി മാറ്റി.

കിഡ്സൺ കോർണറിലെ ഓട്ടോസ്റ്റാൻഡിൽ ഓട്ടോകൾ നിർത്തുന്നതിൽമാത്രം മാറ്റംവരുത്തിയിട്ടുണ്ട്. ഓട്ടോസ്റ്റാൻഡിൽ വൈക്കം മുഹമ്മദ് ബഷീർ റോഡിന് സമീപത്തുനിന്ന് പിന്നിലേക്ക് ഓട്ടോകൾ നിർത്തിയിരുന്നതിനുപകരം കിഡ്സൺ കോർണറിൽനിന്ന് പിന്നിലേക്ക് നിർത്തുന്ന രീതിയിലാക്കി. ആദ്യത്തെ രീതിയിൽ, ഓട്ടോകൾ നിർത്തുകയും ആളെ കയറ്റുകയും ചെയ്യുമ്പോൾ കിഡ്സൺ കോർണറിൽ കുരുക്കിന് കാരണമാകുന്നതിനാലാണ് മാറ്റിയത്.

Content Highlights: Kozhikode`s Mananchira LIC Road is now open after extensive renovation. Interlocking work and drain improvements ensure no waterlogging. Learn more about the project and its impact.