തിരുവനന്തപുരത്ത് യുവാവ് റോഡിൽ മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ രാഹുൽ (29) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു. ആര്യനാട് കുളപ്പട വാലൂക്കോണം കോലിക്കോട് ഭാഗത്ത് റോഡിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ രാഹുലിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. മൃതദേഹത്തിന് സമീപത്തായി റബ്ബർ തടിക്കഷണം ഉണ്ട്. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. ഒരു സുഹൃത്തിനെ കാണുന്നതിനായാണ് രാഹുൽ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുൽ ഈ പ്രദേശത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ മരണത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
രാഹുലിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ തെളിവുകളും രാഹുലിന്റെ പരിചയക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlights: The body of 29-year-old Rahul, a painting worker, was found on a road in Aryanad, Thiruvananthapuram, with head injuries and a rubber log nearby. Police have launched an investigation into the mysterious death.