വെള്ളത്തിനായി കേണ് അമ്മ, ചേതനയറ്റ് മകന്‍; കൊല്ലത്ത് അമ്മയെ കൊല്ലാന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി

കൊല്ലം: അമ്മയെ കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. അമ്മ സുജാത (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സുജാതയും രഞ്ജിത്തും ചേര്‍ന്ന് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. കടുത്ത സാമ്പത്തിക ബാധ്യതയും സുജാതയുടെ പ്രമേഹരോഗവുമാണ് കാരണം. പഴുപ്പ് കയറിയതിനെ തുടര്‍ന്ന് സുജാതയുടെ കാല് മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഇരുവരും അമിതമായി ഗുളികകള്‍ കഴിച്ചു. തുടര്‍ന്ന് രഞ്ജിത്ത് അമ്മ സുജാതയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി. ഇതോടെ സുജാത ബോധരഹിതയായി വീണു. അമ്മ മരിച്ചുവെന്ന് കരുതിയ രഞ്ജിത്ത് പിന്നീട് സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി. ഈ സമയത്ത് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുജാതയുടെ ദയനീയമായ ശബ്ദമാണ് ഇവര്‍ വീടിനകത്തുനിന്ന് കേട്ടത്. ഉടന്‍ ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വാതില്‍ തുറന്നു. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന സുജാതയേയും തൂങ്ങിമരിച്ച നിലയിലുള്ള രഞ്ജിത്തിനേയുമാണ് ഇവര്‍ വീട്ടിനകത്ത് കണ്ടത്. ഉടന്‍ തന്നെ സുജാതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവര്‍ക്ക് മറ്റ് ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 1056, 0471-2552056)
Content Highlights: Man attempted to kill his mother and committed suicide at Kollam