മല്ലേലില്‍ DCC അംഗംപോലുമായിട്ടില്ല; പണം നല്‍കിയത് അറിഞ്ഞിരുന്നെങ്കില്‍ തടഞ്ഞേനെ- ബാബുപ്രസാദ്

ആലപ്പുഴ: സോളാർ കേസിലെ പരാതിക്കാരിക്ക് തന്റെ ബന്ധുവായ മല്ലേലിൽ ശ്രീധരൻനായർ പണംനൽകിയതു താനറിയാതെയാണെന്ന് ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ്. തിങ്കളാഴ്ച നിയമസഭയിൽനടന്ന അടിയന്തരപ്രമേയ ചർച്ചയിൽ എം. നൗഷാദ് എം.എൽ.എ. തന്റെ പേരു വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണ്. 2013 ജൂലായ് മൂന്നിനു പരാതിക്കാരി അറസ്റ്റിലായശേഷമാണു മല്ലേലിൽ ശ്രീധരൻനായർ അവർക്കു പണംനൽകിയതായി അറിഞ്ഞത്-ബാബുപ്രസാദ് ‘മാതൃഭൂമി’യോടു പറഞ്ഞു.
പത്തനംതിട്ടയിലെ വ്യവസായിയാണ് ബാബുപ്രസാദിന്റെ അമ്മാവനായ ശ്രീധരൻ നായർ. സോളാർ പാടത്തിനായി ശ്രീധരൻനായരിൽനിന്നു പരാതിക്കാരി 40 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. സോളാർ കേസുകളിൽ ഏറ്റവും വിവാദമായത് ഇദ്ദേഹത്തിന്റെ പരാതിയാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടികൂടി അറിഞ്ഞാണു പണം നൽകിയതെന്ന് ശ്രീധരൻനായർ പറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്. കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ താൻ വൈദ്യുതി ബോർഡംഗമായിരുന്നുവെന്ന് ബാബുപ്രസാദ് പറഞ്ഞു. സോളാർ വൈദ്യുതി പ്രോത്സാഹനത്തിനു കേന്ദ്ര സബ്‌സിഡി കിട്ടാൻ 17 കമ്പനികൾ ബോർഡിന് അപേക്ഷ നൽകിയിരുന്നു. കൂടിക്കാഴ്ചയിലൂടെ എട്ടു കമ്പനികളെ തിരഞ്ഞെടുത്തു. പരാതിക്കാരിയുടെ കമ്പനിയായ ടീം സോളാർ അപേക്ഷിച്ചതുപോലുമില്ല. അപേക്ഷപോലും നൽകാത്ത കമ്പനിയായതിനാൽ അവർക്കു പണം കൊടുക്കുന്ന കാര്യം താനറിഞ്ഞിരുന്നെങ്കിൽ തടയുമായിരുന്നു.
അന്നുമുതൽ രാഷ്ട്രീയ എതിരാളികൾ തനിക്കെതിരേ ആരോപണം ഉന്നയിക്കുകയാണ്. ഐ ഗ്രൂപ്പുകാരനായതിനാൽ ആരോപണങ്ങൾക്കു രാഷ്ട്രീയനിറം വന്നു. നിയമസഭയിൽ അടിയന്തരപ്രമേയം ചർച്ചയ്ക്കുവന്നപ്പോൾ അന്നത്തെ മന്ത്രി വി.എസ്. സുനിൽകുമാറും തന്റെ കാര്യം പരാമർശിച്ചു. ഉമ്മൻചാണ്ടിക്കു സത്യമറിയാമായിരുന്നു. ശ്രീധരൻനായർക്ക് എന്തെങ്കിലും സൗകര്യം ചെയ്തുകൊടുക്കണമെന്ന് ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുമില്ല. പരാതിക്കാരിയുടെ കോൾ ലിസ്റ്റിലൊന്നും തന്റെ പേരില്ല. ഒരിക്കൽപ്പോലും അവരെ കണ്ടിട്ടുമില്ല. എന്നിട്ടും 10 വർഷമായി തന്നെ വേട്ടയാടുകയാണ്. മല്ലേലിൽ ശ്രീധരൻ നായർ ഡി.സി.സി. അംഗം പോലുമായിട്ടില്ല. കെ.പി.സി.സി. അംഗം എന്നൊക്കെയാണു പ്രചരിപ്പിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ ഹരിപ്പാട് എം.എൽ.എ.യുമായിരുന്നില്ല -ബാബു പ്രസാദ് പറഞ്ഞു.
Content Highlights: Mallelil Sreedharan Nair solar case 40 lakh b babu prasad