സാദിഖലി തങ്ങൾ ആദ്യമായി മർകസിൽ; മലേഷ്യൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ കാന്തപുരവുമായി കൂടിക്കാഴ്ച

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ കാരന്തൂർ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഉജ്ജ്വല വരവേൽപ്പ്. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്.
വൈകുന്നേരം 5.40-ഓടെ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രിയെ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, സെക്രട്ടറി സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മർകസും മലേഷ്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയബന്ധങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക-വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യൻസമൂഹത്തിന്റെ ക്ഷേമകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും പങ്കുവെച്ചു. മൂന്നുവർഷമായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ കൈയെഴുത്ത് പ്രതി കാന്തപുരം മലേഷ്യൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
സ്വീകരണസംഗമത്തിനുശേഷം മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ച അത്താഴവിരുന്നിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. 9.30-ഓടെ കാന്തപുരത്തിനൊപ്പം പ്രമുഖ തീർഥാടനകേന്ദ്രമായ മടവൂർ സി.എം. മഖാമും അദ്ദേഹം സന്ദർശിച്ചു.
ഇത് രണ്ടാംതവണയാണ് അൻവർ ഇബ്രാഹിം ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകൾക്കുമുൻപ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മർകസ് സന്ദർശനം. 2023-ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു.
കൂടിക്കാഴ്ചയിലും സ്വീകരണസംഗമത്തിലും സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കർണാടക ആരോഗ്യവകുപ്പ് മന്ത്രി യു.ടി. ഖാദർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വി.പി.എം. ഫൈസി വില്യാപ്പള്ളി, കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, എ.പി. അബ്ദുൽകരീം ഹാജി ചാലിയം തുടങ്ങിയ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വ്യവസായ പ്രമുഖർ സംബന്ധിച്ചു.
വൈകീട്ട് 4.50-ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി ടി. സിദ്ദിഖ് സ്വീകരിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.എൽ.എ.മാരായ ടി.വി. ഇബ്രാഹിം, ടി.പി. അഷറഫലി എന്നിവരുമുണ്ടായിരുന്നു.
മലബാറുമായുള്ളത് ആഴത്തിലുള്ള ബന്ധം -അൻവർ ഇബ്രാഹിം
കേരളത്തിന്, പ്രത്യേകിച്ച് മലബാർ തീരത്തിന് ചരിത്രപരമായ ബന്ധവും ഇടപാടുകളും മലേഷ്യയുമായി ഉണ്ടായിരുന്നെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കാരന്തൂർ മർക്കസിൽ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരിൽനിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി. സതീശനുമായും മന്ത്രിമാരുമായും തിങ്കളാഴ്ച ചർച്ചനടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചുനിൽക്കുന്നു എന്നതാണ് കേരളത്തിന്റെ വിജയം. മലേഷ്യയും മത-വർണങ്ങൾക്കപ്പുറത്ത് ഒരുമിച്ചുനിൽക്കുന്ന ജനതയാണ്. ഇങ്ങനെയൊരു അവസരത്തിനുള്ള സൗകര്യം ഒരുക്കിത്തന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിപറയുന്നു. ബ്രിക്സ് ഉച്ചകോടിക്കുശേഷം കാന്തപുരം അബൂബക്കർ മുസ്‌ല്യാരെ കാണാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞപ്പോൾ തന്റെ ആദരവുകൂടി അദ്ദേഹത്തെ അറിയിക്കണമെന്നാണ് പറഞ്ഞത്. ഒരുപാട് അനുഭവസന്പത്തുള്ള വലിയപണ്ഡിതനാണ് കാന്തപുരം. അദ്ദേഹത്തിന്റെ സമർപ്പണവും തൊട്ടറിഞ്ഞു.
ഇന്നത്തെക്കാലത്തെ വെല്ലുവിളികളെക്കൂടി മനസ്സിലാക്കിയ പണ്ഡിതനാണ് കാന്തപുരം. മതനേതൃത്വം പുതിയകാലത്തിന്റെ യാഥാർഥ്യങ്ങളെയും വെല്ലുവിളികളെയും സ്വീകരിക്കാൻ തയ്യാറാവണം.
ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റലിലേക്കുള്ള ലോകത്തിന്റെ മാറ്റം, എ.ഐ. എന്നിവയെക്കുറിച്ചൊക്കെ മതപണ്ഡിതർ മനസ്സിലാക്കണം. ഒപ്പം നമ്മുടെ ധാർമികമൂല്യങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണം’’ -അൻവർ ഇബ്രാഹിം പറഞ്ഞു.
സാദിഖലി തങ്ങൾ ആദ്യമായി എ.പി. വിഭാഗം ആസ്ഥാനത്ത്
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ ആദ്യമായി കാരന്തൂർ മർകസിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും തമ്മിൽ മർകസിലെ ദർബാർഹാളിൽ നടന്ന കൂടിക്കാഴ്ചയിലാണ് സാദിഖലി തങ്ങൾ പങ്കെടുത്തത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. പ്രധാന നേതാക്കൾ മാത്രമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരേ കാന്തപുരം നടത്തിയ പ്രസ്താവനയിൽ മുസ്‌ലിംലീഗ് തന്ത്രപരമായ അകലംപാലിച്ച് വിവാദത്തിൽനിന്ന് വിട്ടുനിന്നിരുന്നു. കാന്തപുരം സ്ത്രീകളുടെ സുരക്ഷയെ കരുതിയാവും പറഞ്ഞതെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. പോഷകസംഘടനാനേതാക്കൾ പോലും കാന്തപുരത്തിനെതിരേ ഒന്നും മിണ്ടിയില്ല. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുൾപ്പെടെയുള്ള നേതാക്കൾ വിമർശിക്കുകയും ചെയ്തു. ഈ വിഷയത്തിൽ സി.പി.എം. നേതാക്കളുടെ സമീപനത്തെ കാന്തപുരം വിഭാഗം നേതാവ് മുഖപത്രത്തിലെഴുതിയ ലേഖനത്തിലൂടെ അതിശക്തമായി വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാണോ ഈ അരിശം എന്നായിരുന്നു വിമർശനം. ഇത്തരമൊരു സാഹചര്യത്തിൽ സാദിഖലി തങ്ങൾ മർകസിൽ പൊതുപരിപാടിയിൽ പങ്കെടുത്തതിന് രാഷ്ട്രീയപ്രാധാന്യമുണ്ട്. സി.പി.എമ്മിന്റെ പ്രതിനിധികളോ, കാന്തപുരവുമായി അടുപ്പമുള്ള പ്രധാന ഇടതുനേതാക്കളോ ചടങ്ങിൽ എത്തിയില്ല.
മലേഷ്യൻ പ്രധാനമന്ത്രി മടവൂർ സി.എം. മഖാമിൽ പ്രാർഥന നടത്തി
മടവൂർ സി.എം. മഖാം ശരീഫ് സന്ദർശിച്ച് പ്രാർഥന നടത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മർകസ് കാമ്പസിലെ അത്താഴവിരുന്നിനുശേഷം ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മടവൂർ സി.എം. മഖാം ശരീഫിലെത്തിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ, ഡോ. അബ്ദുൾ ഹക്കീം അസ്ഹരി എന്നിവർ കൂടെയുണ്ടായിരുന്നു. യു. ഷറഫുദ്ദീൻ, എം. അബ്ദുറഹിമാൻ, കെ.എം. മുഹമ്മദ്, എ.പി. നാസർ എന്നിവർചേർന്ന് മലേഷ്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
രണ്ടാംതവണയാണ് ഇവിടെ പ്രാർഥന നടത്താനായി അൻവർ ഇബ്രാഹിം വരുന്നത്. ആദ്യസന്ദർശനം 2022-ലായിരുന്നു.
20 മിനിറ്റ് മഖാമിൽ ചെലവഴിച്ച മലേഷ്യൻ പ്രധാനമന്ത്രി പ്രാർഥനയ്ക്കുശേഷം 10.20-ഓടെ മലപ്പുറം ജില്ലയിലെ താമസസ്ഥലത്തേക്ക് മടങ്ങി.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളായിരുന്നു മഖാം പരിസരത്ത് ഒരുക്കിയിരുന്നത്. ഞായറാഴ്ച തീർഥാടകർക്ക് മുറി അനുവദിക്കരുതെന്ന് മഖാം പരിസരത്തെ ലോഡ്ജ് ഉടമകൾക്ക് നിർദേശം നൽകിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മഖാം സിയാറത്ത് പൂർണമായി നിർത്തിവെക്കുകയും മഖാം കോമ്പൗണ്ടിൽ പാർക്കിങ് വിലക്കുകയും ചെയ്തിരുന്നു.
കരിപ്പൂർ വിമാനത്താവളം ‘റെഡ് സോൺ’ ആയി പ്രഖ്യാപിച്ചു
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പരിസരപ്രദേശങ്ങളും തിങ്കളാഴ്‌ചവരെ താത്കാലികമായി റെഡ് സോണായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ പ്രഖ്യാപിച്ചു. ബി.എൻ.എസ്.എസ്. 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.
വിമാനത്താവളത്തിനു പുറമേ കൊണ്ടോട്ടി നഗരസഭ, വി.വി.ഐ.പി. യാത്രചെയ്യുന്ന പാതയോരത്തെ പഞ്ചായത്തുകൾ, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരി തുല ക്ലിനിക്കൽ വെൽനെസ് സാങ്ച്വറിയും അതിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവും ഉൾപ്പെടുന്ന പ്രദേശങ്ങളുമാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നതുവരെയാണ് ഉത്തരവിന് പ്രാബല്യമുണ്ടാകുക.
ഈ പ്രദേശങ്ങളിൽ ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ, പട്ടങ്ങൾ, ആകാശത്തേക്കുയരുന്ന പടക്കങ്ങൾ, പ്രകാശംവമിക്കുന്ന വസ്തുക്കൾ, ലേസർ ബീമുകൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചു.
വിമാനങ്ങളുടെയോ വി.വി.ഐ.പി.യുടെയോ സഞ്ചാരത്തിനു തടസ്സമാകുന്നരീതിയിലുള്ള ഇത്തരം നിയമവിരുദ്ധപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
Content Highlights: Malaysian Prime Minister Anwar Ibrahim visited Kanthapuram AP Aboobacker Musliyar at Karantoor Markaz., Both leaders discussed educational, cultural, and technological cooperation between Malaysia and Indian institutions., IUML state president Panakkad Sadiq Ali Shihab Thangal participated in the meeting at Markaz., Anwar Ibrahim also offered prayers at the Madavoor CM Makham during his second visit to the site.