വ്യാജ പാസ്പോർട്ടുമായി മലേഷ്യൻ പൗരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

തിരുവനന്തപുരം: വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി മലേഷ്യൻ പൗരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച പുലർച്ചെ മലേഷ്യയിലേക്ക് പോയ മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ പോകേണ്ടിയിരുന്ന ഹാദർഅലി ബിൻഹുസൈനെ (67) ആണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ പിടികൂടിയത്.
തമിഴ്‌നാട്ടിലെ ഇളയങ്കുടി, ശിവഗംഗ എന്ന മേൽവിലാസത്തിലുള്ള പാസ്‌പോർട്ടാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. മലേഷ്യയിൽ കുടുംബമുള്ള ഇയാൾ തമിഴ്‌നാട്ടിൽനിന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മേൽവിലാസത്തിലെ ആധാർകാർഡ് അടക്കമുള്ള രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യൻ പാസ്‌പോർട്ട് എടുത്തിട്ടുള്ളത്.
എമിഗ്രേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ പാസ്‌പോർട്ട് വ്യാജമെന്ന് തെളിഞ്ഞതോടെ ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.