അച്ഛനെ അവസാനമായി കാണാനായില്ല, തടവറഭേദിച്ച് ആര്യ എംബസിയിലെത്തി; കെസിയുടെ പ്രയത്നത്തിൽ നാട്ടിലേക്ക്

മണ്ണഞ്ചേരി: കുവൈത്തിൽ ഹോം നഴ്സായി ജോലിക്കു പോയ മകൾ അവിടെ വീട്ടുതടങ്കലിലായി. മകളുടെ അവസ്ഥയറിഞ്ഞ് വിഷമത്തിലായ പിതാവ് ഹൃദയാഘാതംമൂലം മരിച്ചു. പിതാവിനെ അവസാനമായി കാണണമെന്നും നാട്ടിലേക്ക് അയക്കണമെന്നും യുവതി കേണപേക്ഷിച്ചിട്ടും സ്പോൺസർ കൂട്ടാക്കിയില്ല. തുടർന്ന്, സ്പോൺസറോടു വഴക്കടിച്ച് കുവൈത്തിലെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി കിട്ടിയ വാഹനത്തിൽ കയറി ഇന്ത്യൻ എംബസിയിൽ എത്തി. എംബസി അധികൃതരുടെയും കെ.സി. വേണുഗോപാൽ എം.പി.യുടെയും ഇടപെടലിനെത്തുടർന്ന് കുവൈത്ത് തൊഴിൽമന്ത്രാലയം പ്രശ്നത്തിൽ ഇടപെട്ടു. യുവതിക്ക് ബുധനാഴ്ച പാസ്പോർട്ട് കൈമാറും.
മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡ് വിഷാലുപറമ്പിൽ പൊന്നൻ (58) ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത്. വീടിനു സമീപം ലോട്ടറിവിൽപ്പന നടത്തിയിരുന്ന പൊന്നന്റെ സംസ്കാരം ചൊവ്വാഴ്ച നടത്തി. മിനിയാണ് ഭാര്യ.
നാലുമാസം മുൻപാണ് മൂത്ത മകൾ ആര്യ കുവൈത്തിലേക്കു പോയത്. ഹോം നഴ്‌സായാണ് പോയതെങ്കിലും വീട്ടുപണിയാണു ലഭിച്ചത്. കൃത്യമായി ഭക്ഷണമോ ശമ്പളമോ നൽകിയിരുന്നില്ല. ആര്യ തന്റെ വിഷമാവസ്ഥ നാട്ടിൽ ബന്ധുക്കളെ അറിയിച്ചു. ഇതോടെ പിതാവ് പൊന്നൻ മാനസികവിഷമത്തിലായിരുന്നതായി ഇളയ മകൾ അയന പറഞ്ഞു.
പിതാവ് മരിച്ചിട്ടും നാട്ടിലെത്താൻ കഴിയാത്ത വിഷമാവസ്ഥ പഞ്ചായത്ത് പ്രതിപക്ഷനേതാവ് സിനിമോൾ സുരേഷ് വഴിയാണ് കെ.സി. വേണുഗോപാൽ എം.പി.യെ അറിയിച്ചത്. തുടർന്നു നടത്തിയ അടിയന്തര ഇടപെടലിലാണ് ആര്യക്ക് നാട്ടിലെത്താനുള്ള വഴിതെളിഞ്ഞത്. ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിട്ടുള്ള ആര്യ സുരക്ഷിതയാണ്. ആര്യയുമായി ചൊവ്വാഴ്ച ബന്ധുക്കൾ ഫോണിൽ സംസാരിച്ചു. പാസ്പോർട്ട് ബുധനാഴ്ച ലഭിച്ചാലുടൻ ആര്യക്ക് നാട്ടിലെത്താനാകുമെന്ന് ബന്ധുക്കൾ പറഞ്ഞു.