പ്രവാസി മലയാളി ബാങ്കോക്കിലെ ലോഡ്ജിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കം

ആലപ്പുഴ: തായ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. മുറിയിൽനിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
യു.കെ.യിലെ ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന പ്രജിത് ആറുമാസം മുൻപാണ് ഒരു സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സ്‌കൂൾ അവധിയായതിനാൽ വിനോദയാത്രയ്ക്കായാണ് തായ്‌ലാൻഡിലേക്ക് പോയത്. ഇത്തരത്തിൽ വിദേശയാത്രകൾ പതിവായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കായിരുന്നു യാത്രയെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചുദിവസംമുൻപ് അമ്മയുമായി ഫോണിൽ സംസാരിച്ച പ്രജിത്, ഉടൻ നാട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, രണ്ടുദിവസം മുൻപുമുതൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഹാരാഷ്ട്ര സ്വദേശിനിയായ സീനയാണ് ഭാര്യ. മകൻ: യാഷ്.
ഭാര്യയുടേയും മകന്റേയും സമ്മതപത്രം വാങ്ങി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ ഇന്ത്യൻ എംബസിയുമായും യു.കെ. മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.