മലയാളികളില്ലാതെ എന്ത് ആഘോഷം; വന്ദേഭാരത് പുതിയ സർവീസിലും അഭിമാനമായി മലയാളി ലോക്കോ പൈലറ്റുമാർ

#പി.പി. ലിബീഷ് കുമാർ

പയ്യന്നൂർ: പുതിയ യശ്വന്ത്പുർ-ഗോവ വന്ദേഭാരതിന്റെെ ഉദ്ഘാടന യാത്രയിൽ ലോക്കോ കാബിനിൽ ഉണ്ടായത് മലയാളികളായ ലോക്കോപൈലറ്റുമാർ. ബെംഗളൂരു ഡിവിഷനിലെ യശ്വന്ത്പുർ ഡിപ്പോയിൽ ജോലിചെയ്യുന്ന പി. സുനിൽകുമാർ, കാവ്യ മോഹൻ എന്നിവരാണ് ആദ്യവണ്ടി മിന്നിച്ചോടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-നാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. യശ്വന്ത്പുരിൽനിന്ന് സക്ലേഷ്പുരയിലേക്കാണ് ഇവർ ഓടിച്ചത്. 37 വർഷമായി ലോക്കോപൈലറ്റാണ് കോട്ടക്കൽ സ്വദേശിയായ സുനിൽകുമാർ. ആറുവർഷമായി ജോലിചെയ്യുന്ന കാവ്യ മോഹൻ കോട്ടയം സ്വദേശിയാണ്. തിരിച്ചുള്ള ഗോവ-യശ്വന്ത്പുർ വന്ദേഭാരത് സക്ലേഷ്പുരയിൽനിന്ന് യശ്വന്ത്പൂരേക്ക് ഓടിക്കുന്നത് കണ്ണൂർ എടക്കാട് സ്വദേശിയായ പി. ദീപുവാണ്.
വന്ദേഭാരതിന്റ കന്നി യാത്രയിൽ ലോക്കോകാബിനിൽ എപ്പോഴും മലയാളികളുണ്ടാവാറുണ്ട്. ബെംഗളൂരു- മുംബൈ വന്ദേസ്ലീപ്പറിന്റെ കന്നിയോട്ടത്തിൽ വയനാട് സ്വദേശി ബിജു പോൾ കാബിനിലുണ്ടായിരുന്നു. ബെംഗളൂരു-ധർമാവരംവരെയാണ് വണ്ടിയോടിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് 2022-ൽ ഓടിച്ചത് കണ്ണൂർ മക്രേരി സ്വദേശി ആർ. സുരേന്ദ്രനായിരുന്നു. ബെംഗളൂരു-ചെന്നൈ യാത്രയിൽ തൃശ്ശൂർ മണ്ണൂത്തി സ്വദേശിയും സീനിയർ അസി. ലോക്കോ പൈലറ്റുമായ രാജേഷും മലയാളി സാന്നിധ്യമായി.