പത്താംക്ലാസ് വിദ്യാഭ്യാസംമാത്രം, ഇന്ന് ഒന്നരക്കോടിയിലധികം വിറ്റുവരവുള്ള ഐസ്‌ക്രീം ബ്രാൻഡിന്റെ ഉടമ

#പ്രിജിൽ ജി. പിള്ള
• മലർവിഴി മനോഹരൻ ഐസ്‌ക്രീം ഫാക്ടറിയിൽ
• മലർവിഴി മനോഹരൻ ഐസ്‌ക്രീം ഫാക്ടറിയിൽ

നെടുങ്കണ്ടം (ഇടുക്കി): പത്താംക്ലാസ് വിദ്യാഭ്യാസംമാത്രമുള്ള വീട്ടമ്മ. ഇപ്പോൾ വർഷം ഒന്നരക്കോടിയിലധികം രൂപ വിറ്റുവരവുള്ള ഐസ്‌ക്രീം ബ്രാൻഡിന്‍റെ ഉടമ. പാതാളത്തിലേക്ക് താഴ്‌ത്തപ്പെട്ടെങ്കിലും നാടിന് സന്തോഷവുമായി ഓണക്കാലത്തെത്തുന്ന മാവേലിയുടെ കഥപോലെ ഒരു ജീവിതം. ഈ വിജയകിരീടം ചൂടാൻ മലർവിഴി എന്ന അൻപത്തെട്ടുകാരി താണ്ടിയത് കനൽവഴികൾ.

തമിഴ്‌നാട്ടിലെ ബോഡിനായക്കന്നൂരിലെ ആയിരക്കണക്കിന് ഏക്കർ ഭൂമിയും ബിസിനസുമൊക്കെയുള്ള സമ്പന്നകുടുംബത്തിലായിരുന്നു മലർവിഴിയുടെ ജനനം. 15-ാം വയസ്സിൽ ചെന്നൈയിലെ സമ്പന്നകുടുംബത്തിലെ മരുമകളായിച്ചെന്ന മലർവിഴി മനോഹരൻ, രണ്ടുമക്കളുടെ അമ്മയായി, കുടുംബിനിയായി കഴിയുമ്പോൾ അപ്രതീക്ഷിതമായി ഭർത്താവിന്റെ ബിസിനസ് തകർന്നു.

ഇനി എന്തെന്ന ചോദ്യമുയർന്ന നാളുകൾ. അവശേഷിച്ച സ്വർണം വിറ്റുപെറുക്കി 37 വർഷംമുൻപ്‌ ആ കൗമാരക്കാരി ബോഡിനായക്കന്നൂരിൽനിന്ന് ഉടുമ്പൻചോലയ്ക്ക് ബസ് കയറി. അവിടെ പത്തേക്കർ ഭൂമി വാങ്ങി. ഭർത്താവ് ചെന്നൈയിൽത്തന്നെ തുടർന്നു. ഉടുമ്പൻചോലയിൽ മലർവിഴിയെ കാത്തിരുന്നത് ഒറ്റമുറി മൺവീടും കാടിന്റെ വന്യതയും. എന്നാൽ, ഈ പ്രതിസന്ധികളെയെല്ലാം കൈക്കരുത്തും മനക്കരുത്തുംകൊണ്ട് മലർവിഴി അതിജീവിച്ചു.

ആദ്യം ഒരു പശുവിനെ വാങ്ങി. അത് ക്രമേണ 12 പശുക്കളുടെ ഫാമായി. പശുക്കൾ മാസം ഒരുലക്ഷം രൂപവരെ വരുമാനം ചുരത്തിയതോടെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷ നിറഞ്ഞു.

പിന്നീട് ഏലംകൃഷിലേക്ക് തിരിഞ്ഞപ്പോഴും കാലിവളർത്തൽ കൈവിട്ടില്ല. ഒപ്പം തേനീച്ചവളർത്തലും കുരുമുളക്, കൂൺ, മത്സ്യക്കൃഷികളും. അക്വാപോണിക്സ് അടക്കമുള്ള നൂതന കൃഷിരീതികളും പതിറ്റാണ്ടുകൾക്കുമുൻപുതന്നെ നടപ്പാക്കി. കാർഷികവിളകൾ മൂല്യവർധിത ഉത്പന്നമാക്കി സംരംഭകയുമായി. ഇതിന്റെ തുടർച്ചയാണ് മൂന്നുവർഷംമുൻപ്‌ തുടങ്ങിയ റാഫിയോ ഐസ്‌ക്രീം കമ്പനി. നാല്പതോളം തൊഴിലാളികൾ ഇവിടെ ജോലിചെയ്യുന്നു. ഫാമിലെ നാടൻപശുക്കളുടെ പാലും തമിഴ്‌നാട്ടിലെ സ്വന്തം കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങളുമാണ് ഐസ്‌ക്രീം നിർമാണത്തിന് ഉപയോഗിക്കുന്നത്. തമിഴ്‌നാടാണ് മുഖ്യവിപണി.

Content Highlights: From Homemaker to Ice Cream Tycoon: A Woman's Remarkable Journey to Success