ദേശീയപാതയിൽ കാറിടിച്ചെന്ന് സംശയം; മലപ്പുറത്ത് സ്കൂട്ടർ യാത്രക്കാരായ അധ്യാപികയും സഹോദരനും മരിച്ചു

മലപ്പുറം: വേങ്ങര വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ സ്കൂട്ടറപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പൊന്മള മാണൂർ പിടക്കോഴി വീട്ടിൽ ജിസ്മിന സുലൈമാൻ (23), ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
സ്കൂട്ടിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാറിടിച്ച് വീഴ്ത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് അന്വേഷണം പുരോഗമിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
മഅദനിൻ പ്രീ സ്കൂൾ അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിയാണ് ജിബിൻ. സുലൈമാൻ-താച്ചുട്ടി എന്നിവരുടെ മക്കളാണ്. സഹോദരൻ: മുഹ്സിൻ കമാൽ. പ്രവാസിയായ പരവക്കൽ അബൂബക്കർ സിദ്ദിഖാണ് ജിസ്മിനയുടെ ഭർത്താവ്. നാലുവയസ്സുള്ള എബിൽ അഹമ്മദാണ് മകൻ.