കിൻഫ്രാ പാർക്കിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ പ്രവർത്തനമാരംഭിച്ചു

മലപ്പുറം: കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്കിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ പ്രവർത്തനമാരംഭിച്ചു. യു എ ഇ ആസ്ഥാനമായ എം.എസ്. ഹോൾഡിഗ്സാണ് സെന്റർ ആരംഭിച്ചത്. വടക്കൻ കേരളത്തിലെ ആദ്യ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററാണിത്. സാങ്കേതികവിദ്യ, ധനകാര്യ ഗവേഷണം-വികസനം എന്നിവ ഉൾപ്പെടുന്ന ആഗോള ബിസിനസ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമാണ് പ്രവർത്തനമാരംഭിച്ചത്. എം.എസ് ഹോൾഡിഗ്സിന്റെ രാജ്യാന്തര ബിസിനസകളുടെ വേദിയായി ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ മാറും.

തിങ്കളാഴ്ച (09022026) നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ സെന്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലവസരങ്ങൾ ലഭ്യമാകുന്നതിന് ഇത്തരം കേന്ദ്രങ്ങൾ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വ്യവസായ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും കേരളത്തിൽ ആഗോള സ്ഥാപനങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ മുഖേന കേരളത്തെ ആഗോള സേവന കേന്ദ്രമായി വികസിപ്പിക്കാനാണ എം.എസ്. ഹോൾഡിഗ്സ് ലക്ഷ്യമിടുന്നത്. പ്രാദേശികമായി ലഭ്യമായ കഴിവുറ്റ പ്രൊഫഷണലുകളെ ആഗോള ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.

നിലവിൽ ഏകദേശം 100 പേർക്ക് തൊഴിൽ നൽകുന്ന ജിസിസി, അടുത്ത അഞ്ച് വർഷത്തിനകം 2,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇതിലൂടെ നേരിട്ടും പരോക്ഷവുമായ തൊഴിൽ സാധ്യതകൾ വർധിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എസ്. ഹോൾഡിഗ്സ് സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഷഫീക്ക് പറഞ്ഞു. ആഗോള നിലവാരത്തിലുള്ള പരിശീലന പരിപാടികളുമായി സഹകരിച്ചാണ് ജിസിസി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുക എന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര പ്രോജക്ടുകളിൽ പ്രാദേശിക പ്രൊഫഷണലുകൾക്ക് നേരിട്ട് പ്രവർത്തിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതിലൂടെ കേരളത്തിന്റെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് ഈ സംരംഭം കൂടുതൽ ഊർജം നൽകുമെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlights: UAE-based MS Holdings launches North Kerala`s first Global Capability Centre at KINFRA Park, Malappuram, creating international tech & finance jobs.