വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന പാറമടയിലേക്ക്, മാറാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; പരിഭ്രാന്തരായി ജനം

#ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഒന്നടങ്കം സമീപത്തെ പാറമടയിലേക്ക് പതിക്കുകയായിരുന്നു. തുടർച്ചയായി ഇത്തരത്തിൽ ഈ പ്രദേശത്തുണ്ടാകുന്ന മണ്ണിടിച്ചിലിൽ പരിഭ്രാന്തരായിരിക്കുകയാണ് ജനങ്ങൾ. വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് മണ്ണിടിയുകയായിരുന്നു.

മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് പതിനഞ്ചാം വാർഡിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്ണ് ഇടിഞ്ഞത്. സ്ഥലത്ത് നേരത്തെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപയോഗശൂന്യമായ പാറമടയിലെ കെട്ടിക്കിടന്ന വെള്ളത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതിനെ തുടർന്ന് സമീപത്തെ വീടുകളിലും തോടുകളിലും വെള്ളം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തി പാറമട നികത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഒന്നടങ്കം ഇതേ വെള്ളത്തിലേക്ക് പതിച്ചത്. സമീപത്തെ പന്നിഫാമിലേക്കും വീട്ടിലേക്കും വെള്ളം ഇരച്ചു കയറി.

തുടർച്ചയായി ഇത്തരത്തിൽ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. എത്രയും വേഗം പാറമട മൂടുന്നതിനുള്ള പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരും ദിവസങ്ങളിലും മഴ കനക്കുന്നതോടെ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്കയാണ് പ്രദേശവാസികൾക്ക് ഉള്ളതെന്നും നാട്ടുകാർ പറഞ്ഞു.

Content Highlights: Massive landslide reported at a quarry in Marady, Muvattupuzha., Repeated incidents occurring over two consecutive days., Floodwater overflowed into nearby homes and a pig farm., Local authorities and geology department have initiated inspection., Urgent demand from residents to fill the abandoned quarry.