വൈദ്യുതി വകുപ്പ് ജീവനക്കാരനെ ഇടിച്ചിട്ടു കാർ നിർത്താതെ പോയി; പ്രതിക്കായി ഊർജിത തിരച്ചിൽ

മയ്യഴി: മാഹിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയതായി പരാതി. മാഹി വൈദ്യുതി ഓഫീസിലെ ഫോർമാൻ സി.എച്ച്. രമേശനാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ 19-ാം തീയതി രാവിലെ ആറരയോടെ മാഹി മെയിൻ റോഡിലായിരുന്നു സംഭവം.
മുണ്ടോക്കിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽനിന്ന് വൈദ്യുതി ഓഫീസിലേക്ക് നടന്നുവരുമ്പോൾ, സെമിത്തേരി കവലയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കാറിടിച്ചതിനെത്തുടർന്ന് റോഡരികിൽ അബോധാവസ്ഥയിൽ വീണ രമേശനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ കാർ ഓടിച്ചുപോവുകയായിരുന്നു. പരിക്കേറ്റ രമേശനെ പിന്നീട് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ മാഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അപകടമുണ്ടാക്കിയ കാറിനെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചതായാണ് വിവരം.