തൊഴിൽദിനങ്ങൾ കൂടി, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം മുടങ്ങി

പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഡിസംബർ 18 മുതലുള്ള വേതനം മുടങ്ങി. നടപ്പ് സാമ്പത്തികവർഷത്തേക്ക് കേന്ദ്രസർക്കാർ അനുവദിച്ച തൊഴിൽദിനങ്ങൾ മറികടന്നതോടെയാണ് കൂടുതൽഫണ്ട് ആവശ്യമായി വന്നത്. തൊഴിൽദിനങ്ങൾ കൂടുന്നതിനനുസരിച്ച് (ഡിമാൻഡ്) കേന്ദ്രസർക്കാർ തുക അനുവദിച്ചുതരാറാണ് പതിവ്. എന്നാൽ, കൂടുതൽതുക ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന വകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചുകിട്ടിയില്ല. തുടർന്നാണ് ഇത്രയും തൊഴിൽദിനങ്ങൾക്കുള്ള വേതനം മുടങ്ങിയത്.
കഴിഞ്ഞ തൊഴിലുറപ്പ് ലേബർ ബജറ്റിൽ 10.5 കോടി തൊഴിൽദിനങ്ങൾ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ആറുകോടി തൊഴിൽദിനങ്ങളേ ആദ്യഘട്ടത്തിൽ ഗ്രാമവികസനവകുപ്പ് അനുവദിച്ചുള്ളൂ. ഡിസംബർ പകുതിയോടെ സംസ്ഥാനം ആറുകോടി തൊഴിൽദിനങ്ങൾ പൂർത്തിയാക്കി. ഫെബ്രുവരിയോടെ സംസ്ഥാനത്തെ തൊഴിൽദിനങ്ങളുടെ എണ്ണം 8.2 കോടിയായി ഉയർന്നു. 2.2 കോടി തൊഴിൽദിനങ്ങളാണ് വർധിച്ചത്. ആകെ തൊഴിൽദിനങ്ങളിൽ 7 കോടി തൊഴിൽദിനങ്ങൾക്കുള്ള തുക ഇതിനോടകം കേന്ദ്രസർക്കാർ കൈമാറി. 1.2 കോടി തൊഴിൽദിനങ്ങളുടെ പ്രതിഫലമാണ് മുടങ്ങിക്കിടക്കുന്നത്.
അധികതുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴിലുറപ്പ് മിഷനും സംസ്ഥാനസർക്കാരും നേരത്തേ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും നടപടിയായില്ല. അടുത്ത സാമ്പത്തികവർഷത്തെ ലേബർബജറ്റുമായി ബന്ധപ്പെട്ട് ഈ മാസം ഏഴിനുനടക്കുന്ന കേന്ദ്ര-സംസ്ഥാന സംയുക്ത ഉദ്യോഗസ്ഥയോഗത്തിലും വിഷയം അവതരിപ്പിക്കാനിരിക്കയാണ് സംസ്ഥാന തൊഴിലുറപ്പ് മിഷൻ.
Content Highlights: Mahatma Gandhi National Rural Employment Guarantee