പുതുചരിത്രമായി കുംഭമേള; തിരുനാവായയിലെത്തിയത് ലക്ഷക്കണക്കിനാളുകൾ, അടുത്തവർഷം 45 ദിവസത്തെ മേള

തിരുനാവായ(മലപ്പുറം): നിളയെ ആൾക്കടലാക്കി ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. പത്തൊൻപതുനാൾ, നാമമന്ത്രോച്ചാരണങ്ങൾകൊണ്ടും ദീപധൂപ വാദ്യകലാദികൾകൊണ്ടും ആത്മീയാനുഭവംതീർത്ത ഭാരതപ്പുഴയിലെ യജ്ഞവേദിയിലേക്ക് സമാപനദിവസമായ ചൊവ്വാഴ്ചയും ആയിരങ്ങളെത്തി. ഇരുപതുലക്ഷത്തിലേറെപ്പേർ ഈ ദിവസങ്ങളിലായി തിരുനാവായയിലെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.
മകം നക്ഷത്രം, ദ്വിതീയ തിഥി എന്നിവ ഒത്തുവരുന്ന ഈ ദിവസം രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ) യോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഇതിനുശേഷം നിളയിലെ ആരതീഘട്ടിൽ മഹാമാഘത്തിന്റെ പ്രധാന ചടങ്ങായ അമൃതസ്നാനം നടന്നു. മണപ്പുറത്ത് തിങ്ങിനിറഞ്ഞ ഭക്തരും നാഗസന്ന്യാസിമാർ ഉൾപ്പെടെയുള്ള സന്ന്യാസിമാരും പങ്കെടുത്തു. ഭാരതത്തിലെ സപ്തനദികളിലെയും ജലം ഇവിടെ സംഗമിക്കുന്നൂവെന്ന സങ്കല്പത്തിൽ സന്ന്യാസിസമൂഹവും ഭക്തരും നിളയിൽ മുങ്ങിനിവർന്നു.
തുടർന്ന് സന്ന്യാസിമാർക്ക് യതിപൂജയർപ്പിച്ചു. സന്ന്യാസിമാർക്ക് അന്നവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ‘ഭണ്ഡാര’യുമുണ്ടായി.
എല്ലാവരും ഒരേ നിരയിൽ ഇരുന്ന് ഒരുമിച്ച് ഭക്ഷണംകഴിക്കുന്ന ‘പംഗത്’ ഭണ്ഡാരയിലെ സമത്വസുന്ദരമായ കാഴ്ചയായിരുന്നു.
നിളയിൽ സന്ധ്യക്കു നടന്ന മനോഹരമായ നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിച്ചു. മോഹൻജി ഫൗണ്ടേഷൻ സമർപ്പണമായി ഒരുക്കിയ പുഴയ്ക്കുനടുവിലെ നിളാ ആരതിയാണ് കേരള കുംഭമേളയെന്നറിയപ്പെട്ട മഹാമാഘത്തിന്റെ പ്രധാന ആകർഷണമായത്.
അടുത്തവർഷം 45 ദിവസത്തെ മേള
പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരമായി മഹാമാഘം നടത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് സഭാപതി മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പറഞ്ഞു. 2027-ൽ പൌഷപൗർണമി മുതൽ ശിവരാത്രി വരെ 45 ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ മഹാമാഘം നടത്താനാണ് ആലോചിക്കുന്നത്. അതില്ലെങ്കിൽ ചുരുങ്ങിയത് മുപ്പതുദിവസമെങ്കിലും നീളുന്നതാവും മേള. സംഘടനാപ്രവർത്തനങ്ങൾ ഈ ഏപ്രിലിൽ തുടങ്ങും. 2028-ൽ പ്രയാഗ് രാജിലേതിനുസമാനമായി മഹാകുംഭമേളയെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാകും നടത്തുക. എല്ലാ പരമ്പരകളിലേയും ആചാര്യന്മാർ എത്തും. വിവിധ സമ്പ്രദായങ്ങളിലുള്ള പൂജകളും അനുഷ്ഠാനങ്ങളും ഉണ്ടാകും -ആനന്ദവനം ഭാരതി പറഞ്ഞു.
Content Highlights: Experience the spiritual grandeur of Maha Magha Mahotsavam at Thirunavaya. Thousands gathered for sacred rituals and the Amruthasnanam on the Bharathappuzha. Learn about the impressive conclusion and future plans for this Kerala Kumbh Mela.