‘സാർ, ഞാനീ നാടകം സിനിമയാക്കട്ടേ?’ റിയൽ ടൈമിൽ ചെയ്യണമെന്ന് സൂര്യ കൃഷ്ണമൂർത്തി

സൂര്യ കൃഷ്ണമൂർത്തിയുടെ മേൽവിലാസം എന്ന നാടകം അതേപേരിൽ ശ്രദ്ധേയമായ സിനിമയാക്കിയ സംവിധായകൻ മാധവ് രാമദാസൻ തന്റെ ഗുരുവിനെ അനുസ്മരിക്കുന്നു.
തിരുവനന്തപുരം: വെളിച്ചവും ശബ്ദവും സൂര്യ കൃഷ്ണമൂർത്തിയുടെ കൈയിൽ വെറും സാങ്കേതിക ഉപകരണങ്ങളായിരുന്നില്ല. അവ കഥ പറയാനുള്ള ഭാഷയായിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു വാതിൽ അദ്ദേഹം തുറന്നുതന്നു.
ഒരു നാടകത്തിൽ ഒരു സിനിമ കാണാനുള്ള എന്റെ കാഴ്ചപ്പാടിനെ അദ്ദേഹം തടഞ്ഞില്ല. മറിച്ച്, ‘‘ചെയ്‌തോളൂ’’ എന്ന് പറഞ്ഞു. അത് ഒരു സംവിധായകനോട് മറ്റൊരു കലാകാരൻ നൽകാവുന്ന വലിയ വിശ്വാസമാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ‘മേൽവിലാസം’ എനിക്ക് ഒരു സിനിമ മാത്രമല്ല. അത് എന്റെ സിനിമാ യാത്രയിലെ ഒരു നിർണായക ഓർമ്മയാണ്.
സൂര്യ കൃഷ്ണമൂർത്തി സാറിന്റെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നേരിൽ കാണണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. വെളിച്ചവും ശബ്ദവും ചേർന്ന് ഒരു കഥ പറയുക എന്ന ആശയം തന്നെ എന്നെ ഏറെ ആകർഷിച്ചിരുന്നു. മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ചാണ് പിന്നീട് അദ്ദേഹത്തിന്റെ ‘മേൽവിലാസം’ എന്ന നാടകം കാണുന്നത്. നാടകം കണ്ടിറങ്ങിയ നിമിഷം മുതൽ എന്റെ മനസ്സിൽ ഒരു ചിന്ത മാത്രമായിരുന്നു ‘ഇത് സിനിമയാകണം.’ അത് നാടകമായി മാത്രം എനിക്ക് തോന്നിയില്ല. അതിന്റെ അന്തരീക്ഷം, നിശ്ശബ്ദത, മനുഷ്യർക്കിടയിലെ സംഘർഷം, അടച്ചിട്ട ഒരു ഇടത്തിനുള്ളിൽ വളരുന്ന സമ്മർദം ഇതെല്ലാം സിനിമയുടെ ഭാഷയിൽ എങ്ങനെ അവതരിപ്പിക്കാമെന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടു.
ഞാൻ സൂര്യ സാറിനെ സമീപിച്ചു: ‘‘സാർ, ഈ നാടകം സിനിമയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’ അദ്ദേഹം സമ്മതിച്ചു. പിന്നീട് ചില നിർദേശങ്ങൾ പറഞ്ഞു: ‘‘റിയൽ ടൈമിൽ സിനിമ ചെയ്യണം. കഴിയുമെങ്കിൽ കോടതിമുറിക്കുള്ളിൽ തന്നെ സിനിമ പൂർത്തിയാക്കണം’’. എനിക്ക് അത് നിബന്ധനയേക്കാൾ വലിയൊരു വെല്ലുവിളിയായിരുന്നു. ഒടുവിൽ ‘മേൽവിലാസം’ സിനിമ പൂർത്തിയായി. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ തിയേറ്ററിൽ ആദ്യമായി സിനിമ കാണിച്ചത് രണ്ട് പേരെയായിരുന്നു -സൂര്യ കൃഷ്ണമൂർത്തി സാറിനെയും എന്റെ ഗുരുവായ സംവിധായകൻ ആർ.ശരത് സാറിനെയും. ആഴ്ചകളുടെ വ്യത്യാസത്തിലാണ് രണ്ട് ഗുരുക്കൻമാരും കടന്നുപോയത് എന്നത് ഇരട്ടി സങ്കടം. സിനിമ കഴിഞ്ഞ് പുറത്തേക്കുവന്ന സൂര്യ സാർ എന്നോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിലുണ്ട്: ‘രാമദാസ്, ഞാൻ ഈ രീതിയിലൊന്നും പ്രതീക്ഷിച്ചില്ല. ഞാൻ കരുതിയതിലും വളരെ മുകളിലേക്ക് നിങ്ങൾ ഇത് കൊണ്ടുപോയി’. ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ലഭിച്ച ആദ്യത്തെ വലിയ അംഗീകാരങ്ങളിൽ ഒന്നായിരുന്നു അത്.