ബദല്‍രേഖയില്‍ യുവനേതാക്കള്‍ എം.വി.ആറിനൊപ്പമായിരുന്നു, അദ്ദേഹം പോരാളിയായിരുന്നു - എം.എ. ബേബി

എം.വി.രാഘവൻ, എം.എ.ബേബി |ഫോട്ടോ:മാതൃഭൂമി
എം.വി.രാഘവൻ, എം.എ.ബേബി |ഫോട്ടോ:മാതൃഭൂമി

കണ്ണൂര്‍: ബദല്‍രേഖയുടെ സമയത്ത് കേരളത്തിലെ യുവജന, വിദ്യാര്‍ഥിരംഗത്തെ പ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും എം.വി. രാഘവന്‍ എടുത്ത നിലപാടിനൊപ്പമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. എം.വി.ആറിനോട് ഉറ്റബന്ധം സൂക്ഷിക്കുമ്പോള്‍തന്നെ ആ രാഷ്ട്രീയ നിലപാടിനോട് യോജിക്കാത്ത വളരെക്കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എം.വി.ആര്‍. മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിലാണ് ബേബിയുടെ തുറന്നുപറച്ചില്‍. രാഘവന്റെ 11-ാം ചരമവാര്‍ഷികദിനത്തില്‍ ട്രസ്റ്റ് നല്‍കുന്ന പുരസ്‌കാരം മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍ പിള്ളയ്ക്ക് സമ്മാനിച്ച്, 'മാറുന്ന ഇന്ത്യയിലെ ഇടതുപക്ഷം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ബേബി. ആദ്യമായാണ് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നത്.

എം.വി. രാഘവന്‍ എന്നും പോരാളിയായിരുന്നുവെന്നും ബേബി പറഞ്ഞു. കളിക്കൂട്ടുകാരനെപ്പോലെ പ്രവര്‍ത്തകരോട് പെരുമാറിയ ജനകീയശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ചെറിയ കാലഘട്ടത്തില്‍ പാര്‍ട്ടിയുമായി പ്രശ്നങ്ങളുണ്ടായി.

പക്ഷേ, ആദ്യം കിട്ടിയ അവസരത്തില്‍ത്തന്നെ നിലപാടില്‍നിന്ന് മാറി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടേ മുന്നോട്ടുപോവാനാകൂ എന്നതിലേക്ക് വന്നു. അദ്ദേഹത്തിന്റേത് വലിയ മാതൃകയാണ്. ഇടയ്ക്ക് നിലപാട് സംബന്ധിച്ച സംശയങ്ങളുണ്ടായാലും ആത്യന്തികമായി ഇടതുപക്ഷമാണ് മനുഷ്യമോചനപക്ഷം എന്നതാണ് ആ കാഴ്ചപ്പാട്. ആ ബോധത്തിലേക്ക് എത്തേണ്ടവര്‍ ഒരുപാട് പേര്‍ ഇനിയും എത്താതെ മറ്റു പലസ്ഥലത്തും നില്‍ക്കുന്നുണ്ട്.

വിപ്ലവത്തിനുവേണ്ടി പോരാടുമ്പോള്‍ത്തന്നെ ജനങ്ങള്‍ക്ക് ആശ്വാസത്തിനായി ചെയ്യാന്‍ പറ്റുന്നത് ചെയ്യണം. ആ അര്‍ഥത്തില്‍ രാഘവന്റെ സംരംഭകത്വത്തില്‍ വിപ്ലവകരമായ ഉള്ളടക്കം തന്നെയാണുള്ളതെന്നും ബേബി പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ പാട്യം രാജന്‍ അധ്യക്ഷത വഹിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, കെ.പി. സഹദേവന്‍, എം.കെ. കണ്ണന്‍, എം.വി. നികേഷ് കുമാര്‍, പ്രൊഫ. ഇ. കുഞ്ഞിരാമന്‍, പി.വി. വത്സന്‍, സി.വി. ശശീന്ദ്രന്‍, ഐ.വി. ശിവരാമന്‍, കൂടത്താംകണ്ടി സുരേഷ് എന്നിവര്‍ സംസാരിച്ചു.

Content Highlights: M.A. Baby: Kerala Youth Aligned with M.V. Raghavan's Stance During Crucial Political Period