കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയെന്ന് എംഎ ബേബി

#ന്യൂസ് ഡെസ്ക്
എം.എ. ബേബി | Photo: PTI
എം.എ. ബേബി | Photo: PTI

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം ആവർത്തിച്ച് സിപിഎം നേതാവ് എം.എ. ബേബി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചില വോട്ടുകൾ നഷ്ടമായതിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് വോട്ടുകൾ കൈമാറി കിട്ടിയത് കൊണ്ടാണെന്നും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയമസഭയിൽ ബിജെപിക്ക് ഉണ്ടായിരുന്ന ഒരു പ്രാതിനിധ്യം എങ്ങനെയാണ് ഉണ്ടായത് എന്നുള്ളത് സംഖ്യകൾ കൂട്ടാനും കുറയക്കാനും അറിയുന്ന ആർക്കും മനസ്സിലാകും. ഏത് മുന്നണിയുടെ വോട്ടുകൾ ഡീലിന്റെ ഭാഗമായിട്ടോ അല്ലാതെയോ കൈമാറി കിട്ടിയിട്ടാണ് ആർഎസ്എസ് കാരനായ ഒരു ബിജെപി നേതാവ് തിരുവനന്തപുരത്തെ നേമത്ത് നിന്ന് അസംബ്ലിയിലേക്ക് വന്നത് എന്നുള്ളതും അറിയാം. കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചില നഷ്ടങ്ങൾ എൽഡിഎഫിന് ഉണ്ടായിട്ടുണ്ട്. ആ നഷ്ടങ്ങൾ ഉണ്ടായതിന്റെ പിന്നിലെ ഒരു പ്രധാനപ്പെട്ട ഘടകം യുഡിഎഫും കോൺഗ്രസും ലീഗും ബിജെപിയുമായിട്ടുണ്ടാക്കിയ ഡീലാണ്. അതുപോലുള്ള ചില ഏർപ്പാടുകൾ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ട്- എം.എ ബേബി പറഞ്ഞു.

കേരളത്തിൽ വർഗീയ ശക്തികളുടെ, പ്രത്യേകിച്ച് ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപിയുടെ സ്വാധീനം വർദ്ധിക്കാൻ ഒരു കാരണവശാലും അനുവദിക്കരുതെന്ന് എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും വിശ്വസിച്ച് കേരളത്തിലെ ജനങ്ങൾ മുന്നണിക്കൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എം.എ. ബേബി പ്രതികരിച്ചു. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും കേവലം ചില ചിത്രങ്ങൾ പുറത്തുവന്നത് കൊണ്ട് മാത്രം അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വലിയ ബഹുമാനമുള്ള നേതാവാണ് സോണിയ ഗാന്ധിയെന്നും ഇത്തരം കാര്യങ്ങളിൽ അവർ ഉൾപ്പെടുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും, സ്വർണക്കൊള്ള കേസിലെ പ്രതികൾ മുൻ ദേവസ്വം മന്ത്രിമാരും നിലവിലെ എംപിമാരും അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം പലതവണ സുരക്ഷാ വലയങ്ങൾ ഭേദിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നത് സംശയാസ്പദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയേണ്ടതുണ്ടെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

Content Highlights: Allegations of a secret pact between UDF and BJP influencing election outcomes., Concerns regarding the rise of RSS-backed BJP influence in Kerala., Focus on the 2026 Assembly elections and the impact of vote-sharing., Clarification on the Sabarimala gold smuggling case involving Congress leaders.