അരവിന്ദാക്ഷന്റെ അറസ്റ്റ് സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മചെയ്യാനുള്ള BJP അജണ്ട- സിപിഎം ജില്ലാ സെക്രട്ടറി

തൃശ്ശൂര്‍: ജില്ലയിലെ സഹകരണബാങ്കുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള റെയ്ഡുകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുക എന്ന ബിജെപി സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ അറസ്റ്റെന്നും എം.എം. വര്‍ഗീസ് ആരോപിച്ചു.
സിപിഎമ്മിന്റെ പ്രവര്‍ത്തകരേയും നേതാക്കളേയുമൊക്കെ ഇ.ഡി. വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. പലരുടേയും പേര് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഇ.ഡി വലിച്ചിഴയ്ക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ആര്‍എസ്എസ്- സംഘപരിവാര്‍ ശക്തികളാണ് ഇതിനുപിന്നില്‍. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വം ആര്‍എസ്എസിനൊപ്പമാണ്. ആര്‍എസ്എസ് -സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പം യുഡിഎഫ് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. ആ നിലയിലാണ് ഇവരുടെ പ്രക്ഷോഭങ്ങളും സമരങ്ങളും. വന്‍കിട മാധ്യമങ്ങളെല്ലാം തന്നെ ഗൂഢാലോചനക്കാര്ക്കൊപ്പമാണ്, വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഏതന്വേഷണവുമായും സഹകരിക്കണമെന്ന നിലപാടാണ് സി.പി.എം. എടുത്തിട്ടുള്ളത്. ഒളിച്ചോടുന്ന പ്രശ്നമില്ലെന്നും എ.സി. മൊയ്തീനും എം.കെ. കണ്ണനും അന്വേഷണത്തില്‍ ഇഡിയുമായി സഹകരിച്ചതായും വര്‍ഗീസ് പറഞ്ഞു. ഗൂഢാലോചനക്കെതിരെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധിക്കുമെന്നും നിയമപരമായി ഇതിനെ എങ്ങനെ ചെറുക്കാന്‍ കഴിയുമെന്നതാണ് നിലവില്‍ സി.പി.എം. ആലോചിക്കുന്നതെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: M M Varghese, P R Aravindakshan, Arrest, Malayalam News