‘ഇനിയും മുഖ്യമന്ത്രി കരഞ്ഞാൽ വിഷമമാണ്, ഞങ്ങളെ കൊലയ്ക്കുകൊടുക്കുകയാണ്’; നിരാഹാരം അവസാനിപ്പിച്ച് ജയകൃഷ്ണൻ

തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിനിടെ നിരാഹാരസമരം അനുഷ്ഠിച്ച ജയകൃഷ്ണൻ ആരോഗ്യ പ്രശ്നങ്ങൾ മൂലം സമരം അവസാനിപ്പിച്ചു. സർക്കാരിന്റെ നിലപാടുകളെയും പോലീസ് നടപടിയെയും രൂക്ഷമായി വിമർശിച്ചാണ് ജയകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചത്. തലമുണ്ഡനം ചെയ്തശേഷം നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. ഓരോനിമിഷവും കാത്തിരിപ്പിലാണെന്നും ജയകൃഷ്ണൻ പറഞ്ഞു.
"മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോ എന്നറിയില്ല. വനിത മുടി മുറിച്ചപ്പോൾ ഏറെ ദുഃഖത്തോടെ മുഖ്യമന്ത്രി കരഞ്ഞു. മുഖ്യമന്ത്രി ഇന്ന് കരയുമോ എന്നറിയില്ല. ഞങ്ങളെ ഒരുപാട് ദ്രോഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയെ കരയിപ്പിക്കാൻ താല്പര്യമില്ല. ഞങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്. ഇനിയും മുഖ്യമന്ത്രി കരഞ്ഞാൽ വിഷമമാണ്. റാങ്ക് ലിസ്റ്റിന്റെ അവസ്ഥ പരിതാപകരമാണ്. സർക്കാർ വിഷയം അഗാധമായി പഠിച്ചു. റാങ്ക് ലിസ്റ്റ് നീട്ടി എന്നുപറഞ്ഞു. പക്ഷേ അത് പി.എസ്.സി. അംഗീകരിച്ചിട്ടില്ല.
ഞങ്ങൾക്ക് തന്ന വാക്ക് എങ്ങനെ പാലിക്കപ്പെടും എന്ന് ഉറപ്പില്ല. സർക്കാർ നാല് നിർദ്ദേശങ്ങളാണ് പറഞ്ഞത്. പക്ഷേ, ഇതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ആകില്ല എന്ന് അവർക്കറിയാം. കഴിഞ്ഞ ആഴ്ചകളിൽ നടന്നത് സർക്കാരിന്റെ മുഖമുള്ള കേവലമായ നടപടികൾ. ന്യായീകരിക്കാനാകുന്ന സമീപനമല്ല സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ജീവന് ഭീഷണിയായി നിൽക്കുമ്പോൾ ഒരാഴ്ച സമയം വേണമെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്? പെട്ടെന്ന് തീരുമാനമെടുക്കണം.
ഒരു പോലീസ് നടപടി ഉണ്ടായി. അങ്ങനെയാണ് ഞാൻ നിരാഹാരം ആരംഭിച്ചത്. എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഓരോ നിമിഷവും കാത്തിരിപ്പാണ്. എന്റെ ജീവന് സംരക്ഷണം നൽകാൻ കഴിയില്ല. നിരാഹാരം അവസാനിപ്പിക്കുന്നു", ജയകൃഷ്ണൻ പറഞ്ഞു.
Content Highlights: LPST rank holder Jayakrishnan ended his hunger strike due to severe health issues., Protesters criticized the Kerala government and police action during the agitation., Jayakrishnan shaved his head before calling off the fast in Thiruvananthapuram., Rank holders expressed dissatisfaction with the government's four-point proposal regarding the PSC rank list.