പരമ്പരാഗത ധാരണയ്ക്ക് തിരുത്ത്; ഇത്തവണ പോളിങ് കുറഞ്ഞപ്പോള്‍ കോളടിച്ചത് യുഡിഎഫിന്

തൃശ്ശൂര്‍: പോളിങ് കുറഞ്ഞാല്‍ നേട്ടം ഇടതുപക്ഷത്തിനാകുമെന്ന പരമ്പരാഗത ധാരണ തിരുത്തി തദ്ദേശ തിരഞ്ഞെടുപ്പ്. തൃശ്ശൂര്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടെ പോളിങ് കുറഞ്ഞിട്ടും യുഡിഎഫ് കുതിച്ചുചാട്ടം നടത്തി. വോട്ടിങ് ശൈലിക്കു വരുന്ന മാറ്റത്തിന്റെ സൂചന കൂടിയാണിത്. കടുത്ത ഭരണവിരുദ്ധവികാരം ഈ ശൈലിമാറ്റത്തിന് കാരണമായതായും കരുതുന്നു. കൂടുതല്‍പേര്‍ ഇടതുപക്ഷത്തെ കൈവിട്ടുവെന്നതിന്റെ സൂചനയാണിത്.
തൃശ്ശൂര്‍ കോര്‍പറേഷനില്‍ 2020-ല്‍ 63.79 ശതമാനം ആളുകളാണ് വോട്ടുരേഖപ്പെടുത്തിയത്. അന്ന് ഇടതുപക്ഷത്തിന് 24 സീറ്റും കോണ്‍ഗ്രസിന് 23 സീറ്റും ലഭിച്ചു. ഇത്തവണ വോട്ടിങ് ശതമാനം 62.45 ആയി കുറഞ്ഞപ്പോള്‍ യുഡിഎഫ് നേടിയത് 33 സീറ്റാണ്. എല്‍ഡിഎഫ് 11 സീറ്റില്‍ ഒതുങ്ങി. പോളിങ് 1.34 ശതമാനം കുറഞ്ഞപ്പോള്‍ യുഡിഎഫിന് 10 സീറ്റിന്റെ വര്‍ധന. എല്‍ഡിഎഫിന് 13 സീറ്റ് പോയി.
പോളിങ് കുറയുന്നത് കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടി എന്നനിലയില്‍ ബിജെപിക്കും ഗുണമാകേണ്ടതാണ്. എന്നാല്‍ കോര്‍പറേഷനില്‍ രണ്ടുസീറ്റ് മാത്രമാണ് ഇവര്‍ക്ക് അധികം നേടാനായത്. ഇതില്‍ ഒരുസീറ്റ് നറുക്കെടുപ്പിലൂടെയാണ് കിട്ടിയത്.
പോളിങ് കുറഞ്ഞതോടെ കോണ്‍ഗ്രസില്‍ മിക്കവരും പ്രതീക്ഷ കൈവിട്ടിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുമെന്ന് ഉറപ്പിച്ച് നില്‍ക്കുമ്പോഴാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ പോളിങ് 1.32 ശതമാനം കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് 9 സീറ്റുകള്‍ കൂടുതല്‍നേടി.
2020-ല്‍ 59.56 ശതമാനം പോളിങ് ഉള്ളപ്പോള്‍ 10 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 58.24 ശതമാനമായി പോളിങ് കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന്റെ സീറ്റ് 52-ല്‍ നിന്ന് 29-ലേക്ക് ചുരുങ്ങി.
കൊച്ചി കോര്‍പറേഷനിലെ പോളിങ് 0.51 ശതമാനംമാത്രം കൂടിയപ്പോള്‍ യുഡിഎഫ് 15 സീറ്റുകള്‍ വര്‍ധിപ്പിച്ചു. എല്‍ഡിഎഫിന് 13 സീറ്റുകള്‍ നഷ്ടപ്പെട്ടു. 2020-ല്‍ 62.01 ശതമാനമായിരുന്ന പോളിങ് ഇത്തവണ 62.52 ശതമാനമായി. യുഡിഎഫ് 46 സീറ്റും എല്‍ഡിഎഫ് 20 സീറ്റുമാണ് ഇത്തവണ നേടിയത്.
കോഴിക്കോട് കോര്‍പറേഷനിലെ പോളിങ് ശതമാനം 0.85 ശതമാനം കുറഞ്ഞിട്ടും എല്‍ഡിഎഫിന് 16 സീറ്റുകള്‍ നഷ്ടമായി. യുഡിഎഫ് എട്ടുസീറ്റുകള്‍ കൂടുതല്‍ നേടുകയും ചെയ്തു. യുഡിഎഫ് 26 സീറ്റും എല്‍ഡിഎഫ് 34 സീറ്റുമാണ് നേടിയത്.
Content Highlights: Challenging traditional notions, low voter turnout in Kerala local body elections saw UDF make significant gains, especially in Thrissur Corporation. A shift in voting patterns and anti-incumbency sentiments are suspected.