അർജുനെ കിട്ടിയതോടെ സമാധാനമുണ്ടാകുമെന്ന് കരുതി, അതില്ല- മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി മനാഫ്

കോഴിക്കോട്: അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്ന് ലോറി ഉടമ മനാഫ്. അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസാരിക്കവെ വിതുമ്പിക്കൊണ്ടായിരുന്നു മനാഫിന്റെ പ്രതികരണം.
'കേസെടുത്ത കാര്യം രാവിലെയാണ് അറിയുന്നത്. മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്നത് മനാഫ് ഒരിക്കലും ചെയ്യില്ല. അർജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് ഞാൻ പറഞ്ഞതാണ്. എന്നെക്കൊണ്ട് കഴിയും വിധം അഭ്യർഥിച്ചിട്ടുണ്ട്. ഈ സമയം വരെ അർജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അഅങ്ങോട്ടും അവരെക്കൂടെതന്നെ ആകും. എങ്ങനെ കേസിൽ കൂടുക്കിയാലും ശിക്ഷിച്ചാലും ഞാൻ അവരെക്കൂടെത്തന്നെയാണ്'- മനാഫ് പറഞ്ഞു.
തന്റെ യൂട്യൂബ് ചാനൽ എല്ലാവർക്കും കാണാൻ പറ്റും. അതിൽ അവരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരി അഞ്ജു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ചേവായൂർ പോലീസ് മനാഫിനെതിരേ കേസെടുത്തിരിക്കുന്നത്.
ബിഎൻഎസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സമൂഹമാധ്യമങ്ങൾ വഴി, തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അർജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും 'ലോറി ഉടമ മനാഫ്' എന്ന യൂട്യൂബ് ചാനൽ ഉപയോഗിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
Content Highlights: lorry driver manaf press meet after register case arjuns family